Zygo-Ad

പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോകല്‍: ജോലി തട്ടിപ്പിലെ പ്രതികാരം, ഡ്രൈവറായ കണ്ണൂർ സ്വദേശി നോട്ട് ഇരട്ടിപ്പ് കേസ് പ്രതിയെന്ന് സൂചന.


കൊച്ചി: നഗരത്തിലെ പ്രമുഖ ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടില്‍ നിന്ന് പൊലീസിന്റെ രഹസ്യ സ്‌ക്വാഡെന്ന വ്യാജേന നാലംഗ സംഘം തട്ടിക്കൊണ്ടുപോയ ബിസിനസുകാരന്റെ ഡ്രൈവർ നോട്ട് ഇരട്ടിപ്പ് കേസിലെ പ്രതിയെന്ന് സൂചന.

കണ്ണൂർ സ്വദേശിയായ ഡ്രൈവറും കൂട്ടാളികളും ജോലി വാഗ്ദാനം ചെയ്ത് നിരവധി യുവതികളില്‍ നിന്ന് ലക്ഷങ്ങള്‍ കൈക്കലാക്കിയതായി ആരോപണമുണ്ട്. ഇത്തരത്തില്‍ തട്ടിപ്പിനിരയായവരുടെ ബന്ധുക്കളാണ് ഇയാളെ തട്ടിക്കൊണ്ടു പോയതെന്നാണ് വിവരം.

 ഇടപാടുകളിലെ പങ്കാളിയായ ബിസിനസുകാരനില്‍ നിന്ന് എട്ട് ലക്ഷം രൂപയാണ് സംഘം മോചനദ്രവ്യം ആവശ്യപ്പെട്ടത്. ഇത് ജോലി തട്ടിപ്പിലൂടെ നഷ്ടപ്പെട്ട തുകയാണെന്ന് കരുതുന്നു.

ഈ മാസം ഒന്നിന് രാത്രിയായിരുന്നു സംഭവം. പൊലീസ് അന്വേഷണം ഊർജ്ജിതം ആക്കിയതോടെ 5ന് രാവിലെ ഇയാളെ സംഘം കോയമ്പത്തൂരിലെ വഴിയരികില്‍ ഉപേക്ഷിച്ചു. രക്ഷപ്പെട്ട യുവാവ് പൊലീസിന് മുന്നില്‍ ഹാജരാകാതെ മുങ്ങിയിരിക്കുകയാണ്. 

നിലവില്‍ കോയമ്പത്തൂരിലേക്ക് കടന്ന നാലംഗ സംഘത്തിനായും ബന്ദിയാക്കപ്പെട്ട കണ്ണൂർ സ്വദേശിക്കായും പൊലീസ് ഒരേ സമയം അന്വേഷണം നടത്തുന്നുണ്ട്. തൃശൂർ സ്വദേശികളായ ഷെമീർ (40), അജീഷ് (40), കണ്ടാലറിയുന്ന മറ്റ് രണ്ടു പേർ എന്നിവർക്കായാണ് തിരച്ചില്‍ തുടരുന്നത്.

പൊലീസിന്റെ സ്‌ക്വാഡാണെന്ന് അവകാശപ്പെട്ടാണ് സംഘം യുവാവിനെ ബലപ്രയോഗത്തിലൂടെ കാറില്‍ കയറ്റിക്കൊണ്ടു പോയത്. 

യുവാവിന്റെ മാതാവ് നല്‍കിയ പരാതിയില്‍ കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍, മോചനദ്രവ്യം ആവശ്യപ്പെട്ട് വന്ന ഫോണ്‍ കോളിന്റെ ഉറവിടം തൃശൂർ ആണെന്ന് തിരിച്ചറിഞ്ഞു. പൊലീസ് പ്രതികളുടെ വീട്ടിലെത്തിയതോടെയാണ് യുവാവിനെ ഉപേക്ഷിച്ച്‌ സംഘം കടന്നുകളഞ്ഞത്.

  ടാക്സിക്കാരന്റെ ഇടപെടല്‍ നിർണായകമായി

കോടതിയിലെ ഒരു കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം അവസാനം കോട്ടയത്തെത്തിയ കണ്ണൂർ സ്വദേശി അവിടെ നിന്ന് ടാക്സിയിലാണ് കൊച്ചിയിലെത്തിയത്. ഒന്നിന് രാത്രി എട്ടോടെ ആശുപത്രിയിലെ പാർക്കിംഗ് ഏരിയയില്‍ വിശ്രമിക്കുമ്പോഴായിരുന്നു തട്ടിക്കൊണ്ടു പോകല്‍. 

ഇതിന് തൊട്ടുമുമ്പ് മറ്റൊരു കാറിലേക്ക് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ ചില സാധനങ്ങള്‍ ഇയാള്‍ കൈമാറിയിരുന്നു. യുവാവിനെ ബലമായി കൊണ്ടുപോകുന്നത് കണ്ട ടാക്സി ഡ്രൈവർ ഉടൻ തന്നെ വിവരം പൊലീസ് സ്റ്റേഷനില്‍ അറിയിച്ചു.

 ഈ വിവരമാണ് അന്വേഷണത്തില്‍ നിർണായകം ആയത്. ഇയാള്‍ക്ക് ഹവാല ഇടപാടുകളുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

വളരെ പുതിയ വളരെ പഴയ