തിരുവനന്തപുരം: സംസ്ഥാനത്തെ കുട്ടികളുടെ ആധാർ കാർഡുകളിലെ ബയോമെട്രിക് വിവരങ്ങൾ കൃത്യ സമയത്ത് പുതുക്കിയില്ലെങ്കിൽ കാർഡുകൾ താൽക്കാലികമായി അസാധുവായേക്കുമെന്ന് സംസ്ഥാന ഐടി മിഷന്റെ മുന്നറിയിപ്പ്.
കുട്ടികൾക്ക് 5 വയസിലും 15 വയസിലും ബയോമെട്രിക് വിവരങ്ങൾ (വിരലടയാളം, കൃഷ്ണമണി രേഖ, ഫോട്ടോ) നിർബന്ധമായും പുതുക്കേണ്ടതുണ്ട്.
നിലവിൽ 5 വയസ്സ് മുതൽ 17 വയസ്സ് വരെയുള്ള കുട്ടികളുടെ ഈ നിർബന്ധിത പുതുക്കൽ 2026 സെപ്റ്റംബർ വരെ എല്ലാ ആധാർ കേന്ദ്രങ്ങളിലും പൂർണ്ണമായും സൗജന്യമായി ചെയ്യാവുന്നതാണെന്നും ഐടി മിഷൻ അറിയിച്ചു.
5 വയസ്സു വരെയുള്ള കുട്ടികളുടെ ആധാർ എടുക്കാൻ ജനന സർട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാൽ മതിയാകും.
ഈ പ്രായത്തിലുള്ള കുട്ടികളുടെ വിരലടയാളമോ കൃഷ്ണമണി രേഖയോ ശേഖരിക്കില്ല. പകരം മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് കുട്ടികൾക്ക് കാർഡ് നൽകുക.
ആധാർ ഇല്ലെങ്കിൽ ആനുകൂല്യങ്ങൾ മുടങ്ങും
സ്കോളർഷിപ്പുകൾ, സ്കൂൾ പ്രവേശനം, റേഷൻ കാർഡിൽ പേര് ചേർക്കൽ, ഡിജിലോക്കർ, അപാർ (APAAR), പാൻ കാർഡ് എന്നിവയ്ക്ക് ആധാർ കാർഡ് നിർബന്ധമാണ്. സമയ ബന്ധിതമായി ആധാർ എടുക്കാതിരുന്നാൽ ഭാവിയിൽ വിവിധ സർക്കാർ ആനുകൂല്യങ്ങൾ തടസ്സപ്പെടാൻ സാധ്യതയുണ്ട്.
മൊബൈൽ നമ്പറും ഇ-മെയിലും കൃത്യമാണെന്ന് ഉറപ്പു വരുത്തുക
വിവിധ സർക്കാർ വകുപ്പുകളുടെ ഓൺലൈൻ സേവനങ്ങൾ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി (OTP) വഴി മാത്രമാണ് ലഭ്യമാകുന്നത്. അതിനാൽ നിലവിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും ആധാറിൽ ചേർത്തിട്ടുണ്ടെന്ന് പൊതുജനങ്ങൾ ഉറപ്പു വരുത്തണം.
സേവനങ്ങൾ എവിടെ ലഭിക്കും?
പുതിയ ആധാർ എടുക്കൽ, ബയോമെട്രിക് പുതുക്കൽ, മൊബൈൽ/ഇ-മെയിൽ മാറ്റം എന്നിവയ്ക്കായി അക്ഷയ കേന്ദ്രങ്ങളെയോ മറ്റ് അംഗീകൃത ആധാർ കേന്ദ്രങ്ങളെയോ സമീപിക്കാവുന്നതാണ്.
