തിരുവനന്തപുരം: 'ജെൻഡർ ടിക്കറ്റിംഗ്' എന്ന പുതിയ സംവിധാനവുമായി കെഎസ്‌ആർടിസി. ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീൻ വഴി ടിക്കറ്റ് വിതരണം ചെയ്യുമ്പോള്‍ പുരുഷൻ, സ്ത്രീ എന്നു രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ 'ഇന്ദിര ഗ്യാരണ്ടി' പദ്ധതിയിലൂടെ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം നല്‍കിയിരുന്നു.
പ്രതിദിനം എത്ര സ്ത്രീകളാണ് കെഎസ്‌ആർടിസി ബസില്‍ യാത്ര ചെയ്യുന്നതെന്നു കണക്കെടുക്കാനുള്ള നടപടിയുടെ ഭാഗമാണ് ഇതെന്നാണ് സൂചന. ടിക്കറ്റ് നല്‍കുമ്പോള്‍ യാത്രക്കാരുടെ ജെൻഡർ ഇടിഎം മെഷീനില്‍ കണ്ടക്ടർ രേഖപ്പെടുത്തണം.
സാങ്കേതിക മാറ്റങ്ങള്‍ പരിചയപ്പെടുത്താൻ കണ്ടക്ടർമാർക്ക് ഐ.ടി വിഭാഗം അടിയന്തര പരിശീലനം നല്‍കും. ഓരോ ഡിപ്പോയിലെയും യൂണിറ്റ് ഓഫീസർമാർ ഇതിന് മേല്‍നോട്ടം വഹിക്കുമെന്നും കെഎസ്‌ആർടിസി എം.ഡി ഡോ.പി.എസ് പ്രമോജ് ശങ്കർ പറഞ്ഞു.
