തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടില്‍ ഇ.ഡി നടത്തിയ പരിശോധനയില്‍ പരിഹാസവുമായി ബിനീഷ് കോടിയേരി.
സാമൂഹിക മാധ്യമമായ ഫേസ്ബുക്കിലൂടെയാണ് ബിനീഷ് കോടിയേരി പരിഹാസ രൂപേണ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ വി.ഡി സതീശൻ ഇന്നലെ പ്രധാനമന്ത്രിയെ കണ്ടു. ഇന്ന് സഖാവ് പിണറായിയുടെ വീട്ടില്‍ ഇ.ഡി റെയ്ഡ്' എന്ന് മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ഫോട്ടോ ഉള്‍പ്പെടുത്തിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
മറ്റൊരു പോസ്റ്റില്‍ പിണറായിയുടെ 'വീട്ടില്‍ റെയ്‌ഡ് നടത്തിയിട്ട് ഒരു കാര്യവും ഇല്ല. മടിയില്‍ കനമില്ലാത്ത സഖാവ് പിണറായി വിജയൻ മരണം വരെ സി.പി.ഐ.എം ആയിരിക്കും. വല്ല കോണ്‍ഗ്രസുകാരന്റെയും വീട്ടില്‍ പോയി റെയ്‌ഡ് നടത്തിയാല്‍ ഇ.ഡി പോരുന്ന വഴി ബി.ജെ.പിക്ക് ഒരു നേതാവിനെ കിട്ടും' എന്നും ബിനീഷ് പരിഹാസ രൂപേണ പറയുന്നുണ്ട്.
പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള ഐ.ടി കമ്പനിയായ എക്‌സാലോജിക് കരിമണല്‍ ഖനന കമ്പനി സി.എം.ആർ.എല്ലില്‍ നിന്നും മാസപ്പടിയായി 1.72 കോടി രൂപ വീണയുടെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്തിട്ടുണ്ടെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. കേസില്‍ വീണ 11-ാം പ്രതിയാണ്.
ഇ.ഡിയുടെ അന്വേഷണത്തെയും സമൻസിനെയും ചോദ്യം ചെയ്ത് സി.എം.ആർ.എല്‍ കമ്പനിയും എം.ഡി ശശിധരൻ കർത്തയും ഹൈക്കോടതിയെ സമീപിച്ചു. എഫ്.ഐ.ആർ ഇല്ലാതെ ഇ.ഡിക്ക് അന്വേഷിക്കാൻ അധികാരമില്ലെന്നായിരുന്നു അവരുടെ വാദം.
എന്നാല്‍ 2026 മേയ് 26ന് ഹൈക്കോടതി ഈ ഹർജികള്‍ പൂർണ്ണമായും തള്ളി. ഇ.ഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും, കമ്പനി ഉദ്യോഗസ്ഥർ ഇ.ഡിക്ക് മുന്നില്‍ ഹാജരാകണമെന്നും കോടതി കർശനമായി ഉത്തരവിട്ടു.
തുടർന്നാണ് ഇന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിലും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതി ഉള്‍പ്പെടെ 12 സ്ഥലങ്ങള്‍ ഇ.ഡി വ്യാപകമായ പരിശോധന നടത്തുന്നത്.

