ന്യൂഡൽഹി: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഹർജി നൽകിയ ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷനെതിരെ സുപ്രീംകോടതിയിൽ രൂക്ഷവിമർശനം. വിശ്വാസപരമായ കാര്യങ്ങളിൽ ഇടപെടാൻ നിങ്ങൾ ആരാണെന്നും യുവ അഭിഭാഷകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കാതെ ഇതിൽ എന്ത് താൽപ്പര്യമാണുള്ളതെന്നും കോടതി ചോദിച്ചു. ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചാണ് സംഘടനയുടെ നിലപാടിനെ ചോദ്യം ചെയ്തത്.
ഇത്തരം പൊതുതാൽപ്പര്യ ഹർജികൾ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ജസ്റ്റിസ് നാഗരത്ന മുന്നറിയിപ്പ് നൽകി. നിങ്ങൾ രാജ്യത്തെ മുഖ്യ തന്ത്രിയാണോ എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് സംഘടനയോട് ചോദിച്ചു. ഹർജി നൽകാൻ സംഘടന പ്രമേയം പാസാക്കിയിട്ടുണ്ടോ എന്നും ഭാരവാഹികൾ ശബരിമല വിശ്വാസികളാണോ എന്നും കോടതി ആരാഞ്ഞു. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ മാത്രം നൽകുന്ന ഇത്തരം ഹർജികൾ തുടക്കത്തിലേ തള്ളേണ്ടതായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
പൊതുതാൽപ്പര്യ ഹർജികൾ പലപ്പോഴും പ്രശസ്തിക്കോ സാമ്പത്തിക താൽപ്പര്യത്തിനോ വേണ്ടിയുള്ളവയായി മാറുന്നുവെന്നും കോടതി വിമർശിച്ചു. യുവതീ പ്രവേശനം വിലക്കുന്നത് വിവേചനമാണെന്ന സംഘടനയുടെ വാദത്തിനിടെ, നിയമത്തെ ദുരുപയോഗം ചെയ്യുകയാണ് ഇവരെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
