സിനിമ സീരിയൽ താരം സന്തോഷ് കെ നായർ വാഹനാപകടത്തിൽ അന്തരിച്ചു. പത്തനംതിട്ട അടൂർ ഏനാത്ത് എംസി റോഡിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. അപകടത്തില്‍ സന്തോഷിന്റെ ഭാര്യയ്ക്കും പരിക്കേറ്റിരുന്നു.
സന്തോഷ് സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി പാഴ്സൽ ലോറിയിൽ ഇടിക്കുകയായിരുന്നു. ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനായ താരത്തിന്റെ അപ്രതീക്ഷിത വിയോഗം കലാകേരളത്തിന് വലിയ നൊമ്പരമായി.
അപകടത്തിന് പിന്നാലെ സന്തോഷിനെയും ഭാര്യയെയും അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നടന്റെ ജീവന്‍ രക്ഷിക്കാനായില്ല.
നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സന്തോഷ് നായരുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം മോഹിനിയാട്ടമാണ്.
1982 ല്‍ പി ജി വിശ്വംഭരന്‍ സംവിധാനം ചെയ്ത 'ഇതു ഞങ്ങളുടെ കഥ' എന്ന സിനിമയിലൂടെയാണ് സന്തോഷ് അഭിനയരംഗത്തേക്കെത്തുന്നത്.
'ഏപ്രില്‍ 18', 'ഇവിടെ തുടങ്ങുന്നു' എന്നീ സിനിമകളിലെ വില്ലന്‍ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതൊടെ തിരക്കുള്ള നടനായി മാറുകയായിരുന്നു. 1985 ല്‍ പതിനെട്ടോളം സിനിമകളില്‍ സന്തോഷ് അഭിനയിച്ചു. മിക്കതും വില്ലന്‍ വേഷങ്ങളായിരുന്നു. കൊതി തീരും വരെ, ഇത് നല്ല തമാശ എന്ന സിനിമകളിലെ നായകവേഷങ്ങളും ഇതിനിടയില്‍ ചെയ്തു.
