കൊച്ചി: കൊച്ചിയില്‍ വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന് അസമിലേക്ക് കടന്ന ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി. അസം സ്വദേശിയായ റെക്കിബുല്‍ ഹുസൈനെയാണ് (24) കുറുപ്പുംപടി പോലീസ് സാഹസികമായി പിടികൂടിയത്.
രായമംഗലം കൂട്ടുമഠം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടമ്മയുടെ 11 പവൻ സ്വർണാഭരണങ്ങളും 15,000 രൂപയുമാണ് ഇയാള്‍ മോഷ്ടിച്ചത്.
പരാതിയെത്തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷണത്തിന് ശേഷം ഇയാള്‍ അസമിലേക്ക് രക്ഷപ്പെട്ടതോടെ അന്വേഷണസംഘം അവിടേക്ക് തിരിച്ചു. പ്രതിയുടെ ഗ്രാമത്തില്‍ വേഷം മാറി താമസിച്ച് രഹസ്യമായാണ് പോലീസ് ഓപ്പറേഷൻ നടത്തിയത്.
പോലീസ് വീട് വളഞ്ഞതോടെ പ്രതി ഓടി രക്ഷപ്പെടുകയും ട്രെയിനില്‍ കയറി കടന്നുകളയാൻ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ പോലീസ് പിന്തുടർന്ന് ട്രെയിനിനുള്ളില്‍ വെച്ച് ഇയാളെ കീഴ്‌പ്പെടുത്തി.
മോഷ്ടിച്ച സ്വർണ്ണമാല, വളകള്‍, കമ്മലുകള്‍ തുടങ്ങിയവ പ്രതിയുടെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു. എഎസ്പി ഹാർദിക് മീണയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസന്വേഷിച്ചത്.
പ്രതിയെ കേരളത്തിലെത്തിച്ച് തുടർ നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലെ ക്രിമിനല്‍ പശ്ചാത്തലം കണ്ടെത്താൻ ഇത്തരം അന്വേഷണങ്ങള്‍ സഹായിക്കുമെന്ന് പോലീസ് അറിയിച്ചു.
