Zygo-Ad

സപ്ലൈകോ ബക്രീദ് സ്പെഷ്യൽ കിറ്റുകൾ മേയ് 26 വരെ ലഭ്യമാകും


 തിരുവനന്തപുരം: ബലിപെരുന്നാൾ വിപണിയിലെ വിലക്കയറ്റം തടയുന്നതിനും പൊതുജനങ്ങൾക്ക് ആശ്വാസം പകരുന്നതിനുമായി സപ്ലൈകോ പ്രത്യേക പെരുന്നാൾ കിറ്റുകൾ വിപണിയിലിറക്കി. പത്തിനം അവശ്യസാധനങ്ങൾ അടങ്ങിയ ബക്രീദ് സ്പെഷ്യൽ കിറ്റ് മേയ് 26 വരെ സംസ്ഥാനത്തെ സപ്ലൈകോ വിൽപനശാലകൾ വഴി പൊതുജനങ്ങൾക്ക് വാങ്ങാം.

പൊതുവിപണിയിൽ 1101 രൂപ വിലമതിക്കുന്ന ഗുണനിലവാരമുള്ള ഭക്ഷ്യസാധനങ്ങളാണ് പെരുന്നാൾ പ്രമാണിച്ച് വെറും 850 രൂപയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്. മൂന്ന് കിലോഗ്രാം ബിരിയാണി അരി, ഒരു കിലോ പഞ്ചസാര, ഒരു ലിറ്റർ ശബരി വെളിച്ചെണ്ണ, ഒരു കിലോ ശബരി അപ്പം പൊടി, 250 ഗ്രാം ശബരി ഗോൾഡ് ചായപ്പൊടി, മീറ്റ് മസാല (100 ഗ്രാം), ചിക്കൻ മസാല (100 ഗ്രാം), ഗരം മസാല (50 ഗ്രാം), കുരുമുളകുപൊടി (100 ഗ്രാം), ഏലക്കായയും ഗ്രാമ്പുവും അടങ്ങുന്ന ഹോൾ മസാല പാക്കറ്റ് (50 ഗ്രാം) എന്നിവയാണ് ഈ കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പെരുന്നാൾ വിഭവങ്ങൾ ഒരുക്കാൻ ആവശ്യമായ പ്രധാന സാധനങ്ങളെല്ലാം ഒരൊറ്റ കിറ്റിൽ കുറഞ്ഞ നിരക്കിൽ ലഭിക്കുന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസമാകും. പൊതുവിപണിയിലെ കൊള്ളവിലയിൽനിന്ന് ഉപഭോക്താക്കൾക്ക് സംരക്ഷണം നൽകാൻ ലക്ഷ്യമിട്ടുള്ള ഈ ആനുകൂല്യം മേയ് 26 വരെ മാത്രമേ ലഭ്യമാകൂ എന്ന് അധികൃതർ വ്യക്തമാക്കി.

അതേസമയം, ബലിപെരുന്നാളിനോടനുബന്ധിച്ച് റേഷൻ കാർഡ് ഉടമകൾക്ക് അഞ്ച് കിലോ ബസ്മതി അരിയും രണ്ട് കിലോ നെയ്യും സൗജന്യമായി നൽകുമെന്ന രീതിയിൽ മുഖ്യമന്ത്രിയുടെ പേരും ഫോട്ടോയും വെച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റർ വ്യാജമാണെന്നും അധികൃതർ അറിയിച്ചു.

 

വളരെ പുതിയ വളരെ പഴയ