തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലസൂചനകള്‍ മൂന്നാം റൗണ്ട് പിന്നിടുമ്പോള്‍ യുഡിഎഫ് നൂറിലധികം സീറ്റുകളില്‍ ലീഡ് ചെയ്ത് ബഹുദൂരം മുന്നിലെത്തി.
ഭരണത്തുടർച്ചയെന്ന എല്‍ഡിഎഫിന്റെ സ്വപ്നങ്ങള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും എട്ടിലധികം മന്ത്രിമാരും വോട്ടെണ്ണലിന്റെ ഈ ഘട്ടത്തിലും പിന്നിലാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നാം റൗണ്ടിലും പിന്നില്‍ തുടരുന്നത് കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. യുഡിഎഫ് സ്ഥാനാർത്ഥി വി.പി. അബ്ദുല്‍ റഷീദ് നിലവില്‍ 2077 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. കഴിഞ്ഞ തവണ മുഖ്യമന്ത്രിക്ക് വലിയ മേധാവിത്വം നല്‍കിയ ബൂത്തുകളില്‍ പോലും ഇത്തവണ യുഡിഎഫ് മുന്നേറുന്നത് വലിയ അട്ടിമറി സൂചനയാണ് നല്‍കുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ശക്തമായ തിരിച്ചുവരവ് നടത്തി. വടക്കേക്കര പഞ്ചായത്തിലെ എല്‍ഡിഎഫ് സ്വാധീന മേഖലകളില്‍ വോട്ടെണ്ണിയപ്പോള്‍ സതീശൻ അല്പനേരം പിന്നിലായെങ്കിലും, തൊട്ടടുത്ത റൗണ്ടുകളില്‍ ലീഡ് തിരിച്ചുപിടിച്ചു. നിലവില്‍ 932 വോട്ടുകള്‍ക്ക് അദ്ദേഹം മുന്നിലാണ്.
യുഡിഎഫ്: 100 സീറ്റുകള്‍ എല്‍ഡിഎഫ്: 37, എൻഡിഎ: 03 എന്നിങ്ങനെയാണ് നില. സംസ്ഥാനത്തുടനീളം വീശിയടിക്കുന്ന യുഡിഎഫ് തരംഗത്തില്‍ ഭരണമുന്നണിയുടെ പല കോട്ടകളും തകരുകയാണ്. മന്ത്രിമാരുടെ കൂട്ടത്തോല്‍വിയിലേക്കാണ് നിലവിലെ സൂചനകള്‍ വിരല്‍ ചൂണ്ടുന്നത്. ഭരണവിരുദ്ധ വികാരം വോട്ടായി മാറിയെന്നും കേരളം മാറ്റത്തിനായി വിധിയെഴുതിയെന്നും ഈ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.
