തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ഭരണകക്ഷിയായ സിപിഎമ്മിനെ ഞെട്ടിച്ച് വിമത നീക്കങ്ങൾ. പാർട്ടിയിൽ നിന്ന് പുറത്തുപോയവരേയും ഇടഞ്ഞുനിൽക്കുന്നവരേയും ചേർത്തുപിടിച്ചുള്ള യുഡിഎഫിന്റെ രാഷ്ട്രീയ പരീക്ഷണം വൻ വിജയത്തിലേക്കെന്നാണ് സൂചനകൾ നൽകുന്നത്. അമ്പലപ്പുഴ, തളിപ്പറമ്പ്, പയ്യന്നൂർ എന്നിവിടങ്ങളിൽ സിപിഎം സ്ഥാനാർത്ഥികൾ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്.
പ്രധാന മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ
അമ്പലപ്പുഴ: മുൻമന്ത്രി ജി. സുധാകരൻ 5900-ലേറെ വോട്ടുകൾക്ക് മുന്നിലാണ്. സിറ്റിങ്ങ് എംഎൽഎ എച്ച്. സലാമാണ് ഇവിടെ സുധാകരന് പിന്നിലായത്.
തളിപ്പറമ്പ്:കണ്ണൂരിലെ പാർട്ടി കോട്ടയായ തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദൻ 6363 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിനെതിരെയാണ് ടി.കെ. ഗോവിന്ദൻ മത്സരംഗത്തിറങ്ങിയത്.
പയ്യന്നൂർ: രക്തസാക്ഷി ഫണ്ട് വിവാദത്തിൽ പാർട്ടി വിട്ട വി.കുഞ്ഞികൃഷ്ണൻ വിജയിച്ചു സിറ്റിങ്ങ് എംഎൽഎ ടി.ഐ. മധുസൂദനനാണ് ഇവിടെ രണ്ടാം സ്ഥാനത്ത്.
ഒറ്റപ്പാലം: ഇവിടെ പി.കെ. ശശികടുത്ത പോരാട്ടമാണ് കാഴ്ചവെക്കുന്നത്. സിപിഎമ്മിന്റെ കെ. പ്രേംകുമാറുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
മലമ്പുഴ: വി.എസ്. അച്യുതാനന്ദന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി എ. സുരേഷിനെ യുഡിഎഫ് പിന്തുണച്ചെങ്കിലും ഇവിടെ എൽഡിഎഫിന്റെ എ. പ്രഭാകരൻ ലീഡ് നിലനിർത്തുന്നു.
സിപിഎമ്മിന്റെ സംഘടനാ സംവിധാനത്തെ വെല്ലുവിളിച്ചുകൊണ്ട് തദ്ദേശീയരായ മുതിർന്ന നേതാക്കൾ തന്നെ രംഗത്തിറങ്ങിയത് പാർട്ടി വോട്ടുകളിൽ വലിയ ചോർച്ചയുണ്ടാക്കിയെന്നാണ് പ്രാഥമിക വിലയിരുത്തൽ. പ്രത്യേകിച്ച് കണ്ണൂർ ജില്ലയിലെ രണ്ട് പ്രമുഖ മണ്ഡലങ്ങളിലെ ലീഡ് പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കും.
