ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയ നീറ്റ് പരീക്ഷ ജൂൺ 21-ന് നടക്കും. മെയ് 3-ന് നടന്ന പരീക്ഷയിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് വീണ്ടും പരീക്ഷ നടത്താൻ അധികൃതർ തീരുമാനിച്ചത്. നേരത്തെ പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ വീണ്ടും ഫീസ് അടയ്ക്കേണ്ടതില്ലെന്ന് ദേശീയ പരീക്ഷാ ഏജൻസിയും വിദ്യാഭ്യാസ മന്ത്രാലയവും വ്യക്തമാക്കി.
വിദ്യാർത്ഥികൾ നേരത്തെ അടച്ച ഫീസ് തിരികെ നൽകാനുള്ള നടപടികൾ സ്വീകരിക്കും. മെഡിക്കൽ പ്രവേശന നടപടികൾ വൈകാതിരിക്കാൻ പരീക്ഷാ കേന്ദ്രങ്ങൾ ഒരുക്കുന്ന നടപടികൾ എൻടിഎ വേഗത്തിലാക്കിയിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് പുനഃപരീക്ഷ സംബന്ധിച്ച അന്തിമ തീരുമാനമെടുത്തത്.
