കോഴിക്കോട്: യുഡിഎഫ് മന്ത്രിസഭയിൽ മുസ്‌ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ ലഭിക്കുമെന്ന് സൂചന. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ എന്നിവർ ആദ്യ നാല് സ്ഥാനങ്ങളിൽ ഉറപ്പായതായാണ് വിവരം. അഞ്ചാം മന്ത്രിസ്ഥാനത്തേക്ക് എം.എ. റസാഖ് മാസ്റ്റർ, പാറക്കൽ അബ്ദുല്ല, എ.കെ.എം. അഷ്‌റഫ് എന്നിവരിൽ ആരെങ്കിലുമൊരാൾ പരിഗണിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ. ഗൾഫ് പ്രവാസി സമൂഹവുമായി അടുത്ത ബന്ധമുള്ള കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുല്ല പട്ടികയിൽ ഇടംപിടിക്കുമോ എന്ന ആകാംക്ഷയിലാണ് പ്രവാസി മലയാളികൾ.
നേരത്തെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും മുസ്‌ലിം ലീഗിന് അഞ്ച് മന്ത്രിമാരുണ്ടായിരുന്നു. ഇതേ രീതി തുടരാനാണ് യുഡിഎഫ് നേതൃത്വവുമായി നടത്തിയ പ്രാഥമിക ചർച്ചയിലെ ധാരണ. ഇരുപത്തിരണ്ട് എംഎൽഎമാരുള്ള ലീഗ്, കോൺഗ്രസ് കഴിഞ്ഞാൽ യുഡിഎഫിലെ ഏറ്റവും വലിയ കക്ഷിയാണ്. ലീഗ് മന്ത്രിമാരിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വ്യവസായം, ഐടി വകുപ്പുകളും എൻ. ഷംസുദ്ദീന് വിദ്യാഭ്യാസ വകുപ്പും പി.കെ. ബഷീറിന് തദ്ദേശസ്വയംഭരണ വകുപ്പും കെ.എം. ഷാജിക്ക് പൊതുമരാമത്ത് വകുപ്പും ലഭിച്ചേക്കുമെന്നാണ് വിവരം. ഇന്ന് വൈകീട്ട് നടക്കുന്ന യുഡിഎഫ് യോഗത്തിന് ശേഷമേ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകൂ.
