നെടുമങ്ങാട്: ഒന്നര വയസ്സുകാരൻ അക്ഷജിന്റെ മരണം ക്രൂരമായ കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ അഖില, രണ്ടാനച്ഛൻ അഷ്കർ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ ശരീരത്തിൽ മാരകമായ പരിക്കുകളും ആന്തരിക രക്തസ്രാവവും കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
പ്രാഥമിക അന്വേഷണത്തിലും പോസ്റ്റുമോർട്ടം റിപ്പോർട്ടിലും കുട്ടിക്ക് നേരെ കടുത്ത ശാരീരിക ഉപദ്രവങ്ങൾ നടന്നിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.
കസ്റ്റഡിയിലുള്ള ഇരുവരേയും പൊലീസ് സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്. പ്രതികൾക്കെതിരെ ശക്തമായ നിയമ നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്.
കുട്ടിയുടെ മരണത്തിൽ ആദ്യഘട്ടത്തിൽ തന്നെ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. അമ്മ അഖിലയ്ക്കൊപ്പവും പുതിയ പങ്കാളിയായ അഷ്കറിനൊപ്പവുമാണ് കുഞ്ഞ് നെടുമങ്ങാട്ടുള്ള വീട്ടിൽ കഴിഞ്ഞിരുന്നത്.
സംഭവ ദിവസം കുട്ടിക്ക് ചോറ് നൽകുന്നതിനിടയിൽ പെട്ടെന്ന് ശ്വാസംമുട്ടിയും അസ്വസ്ഥതകൾ കാണിച്ചും മരണപ്പെടുകയായിരുന്നു എന്നാണ് പ്രതികൾ പൊലീസിന് നൽകിയ പ്രാഥമിക മൊഴി. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെയാണ് ക്രൂരമായ മർദ്ദനമാണ് മരണ കാരണമെന്ന് വ്യക്തമായത്.
