Zygo-Ad

മിൽമ പാൽ വില വർധന വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ; നാല് രൂപ വർധിക്കും


തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർധന ഈ മാസം 21 വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ലിറ്ററിന് നാല് രൂപ വർധിപ്പിക്കാനാണ് നിലവിലെ തീരുമാനം. ബുധനാഴ്ച ചേരുന്ന മിൽമ ഡയറക്ടർ ബോർഡ് യോഗം ഈ വിലവർധനവിന് ഔദ്യോഗികമായി അംഗീകാരം നൽകും.

ഏറെ നാളത്തെ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് മിൽമ പാലിൻ്റെ വില വർധിപ്പിക്കാൻ ഇപ്പോൾ തീരുമാനമായിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ ചേർന്ന യോഗത്തിൽ തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം വില വർധിപ്പിക്കാൻ ധാരണയായിരുന്നു. മുൻ നിശ്ചയിച്ച പ്രകാരമുള്ള നാല് രൂപ തന്നെയാണ് ഇപ്പോൾ വർധിപ്പിക്കുന്നത്.

നേരത്തെ സർക്കുലർ റെസല്യൂഷൻ വഴി വിലവർധനവ് പാസാക്കാൻ മാനേജ്‌മെൻ്റ് ശ്രമിച്ചെങ്കിലും ബോർഡ് അംഗങ്ങളിൽ 8 പേർ മാത്രമാണ് അതിൽ ഒപ്പിട്ടത്. 18 അംഗങ്ങളുള്ള ഡയറക്ടർ ബോർഡിലെ ഭൂരിപക്ഷം പേരും സർക്കുലറിൽ ഒപ്പിടുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും, പ്രത്യേക ബോർഡ് യോഗം ചേർന്ന് ചർച്ച ചെയ്ത ശേഷം മാത്രമേ വിലവർധനയ്ക്ക് അംഗീകാരം നൽകാവൂ എന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇതിനെത്തുടർന്നാണ് ബുധനാഴ്ച നിർണായക യോഗം വിളിച്ചിരിക്കുന്നത്.

 

വളരെ പുതിയ വളരെ പഴയ