മട്ടന്നൂർ: പറയനാട് കിണർ നിർമാണത്തിനിടെ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു. വെളിയമ്പ്ര കുയിലൂർ സ്വദേശി കെ. ബാലകൃഷ്ണനാണ് (കെ.ആർ.പി. ബാലൻ - 62) മരണപ്പെട്ടത്.
വെള്ളിയാഴ്ച വൈകീട്ടോടെയാണ് അപകടം സംഭവിച്ചത്. ജോലി പൂർത്തിയാക്കി കിണറ്റിൽ നിന്ന് മുകളിലേക്ക് കയറുന്നതിനിടെ കാൽ തെന്നി അടിയിലേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മട്ടന്നൂരിൽ നിന്നും എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളാണ് ഇദ്ദേഹത്തെ കിണറ്റിൽ നിന്നും പുറത്തെടുത്തത്.
ആർ.പി. തങ്കമണിയാണ് ഭാര്യ. മക്കൾ: സ്മിത (കെ.എസ്.എഫ്.ഇ, ശ്രീകണ്ഠപുരം), പരേതനായ സ്നികേഷ്. മരുമകൻ: കെ. വിനോദ്. സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് നടക്കും.
