Zygo-Ad

വീട്ടില്‍ പ്രത്യേക കോച്ചിംഗ് ക്ലാസ്; പരീക്ഷാ ചോദ്യങ്ങള്‍ ഓപ്ഷനുകള്‍ സഹിതം നല്‍കി; നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യസൂത്രധാരനായ കെമിസ്ട്രി അധ്യാപകന്‍ പിടിയില്‍


ന്യൂഡല്‍ഹി: രാജ്യത്തെ പിടിച്ചുലച്ച 2026-ലെ നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചക്കേസിലെ മുഖ്യസൂത്രധാരനെ സിബിഐ കണ്ടെത്തി.

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് വേണ്ടി പരീക്ഷാ നടപടികളില്‍ പങ്കാളിയായിരുന്ന കെമിസ്ട്രി ലക്ചറര്‍ പി.വി. കുല്‍ക്കര്‍ണിയാണ് പിടിയിലായത്. 

ഇയാളെ ലാതൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്ത സിബിഐ സംഘം ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. കേസുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് പേരെയാണ് അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്.

സിബിഐയുടെ കണ്ടെത്തല്‍ പ്രകാരം, ഏപ്രില്‍ അവസാന വാരത്തോടെ കുല്‍ക്കര്‍ണി മറ്റൊരു പ്രതിയായ മനീഷ വാഗ്മറെയുടെ സഹായത്തോടെ വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചു. 

പൂനൈയിലെ തന്റെ വീട്ടില്‍ ഇവര്‍ക്കായി പ്രത്യേക കോച്ചിംഗ് ക്ലാസുകള്‍ നടത്തി. പരീക്ഷാ ചോദ്യങ്ങള്‍ ഓപ്ഷനുകള്‍ സഹിതം ഇയാള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞുകൊടുക്കുകയും അവര്‍ അത് നോട്ടബുക്കില്‍ എഴുതിയെടുക്കുകയും ചെയ്തു.

 മെയ് 3-ന് നടന്ന യഥാര്‍ത്ഥ പരീക്ഷയിലെ ചോദ്യങ്ങളുമായി ഇവയ്‌ക്ക് പൂര്‍ണ്ണമായ സാമ്യമുണ്ടായിരുന്നു. ലാതൂര്‍ സ്വദേശിയായ കുല്‍ക്കര്‍ണിയെ ചോദ്യം ചെയ്യലിന് ശേഷം പൂനൈയില്‍ വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിബിഐ റെയ്ഡ് നടത്തുകയും നിര്‍ണ്ണായക രേഖകളും മൊബൈല്‍ ഫോണുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുക്കുകയും ചെയ്തു. 

ഇവ നിലവില്‍ ഫോറന്‍സിക് പരിശോധനയ്‌ക്ക് വിധേയമാക്കുകയാണ്. മെയ് 12-നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരാതിയില്‍ സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

ജയ്പൂര്‍, ഗുരുഗ്രാം, നാസിക്, പൂനൈ, അഹല്യനഗര്‍ എന്നിവിടങ്ങളില്‍ നിന്നായി ഏഴ് പ്രതികളെ നേരത്തെ പിടികൂടിയിരുന്നു. ഇതില്‍ അഞ്ച് പേര്‍ നിലവില്‍ ഏഴ് ദിവസത്തെ സിബിഐ കസ്റ്റഡിയിലാണ്.

 ചോദ്യപേപ്പര്‍ ചോര്‍ത്തിയ യഥാര്‍ത്ഥ ഉറവിടത്തെക്കുറിച്ചും ലക്ഷക്കണക്കിന് രൂപ വാങ്ങി വിദ്യാര്‍ത്ഥികളെ എത്തിച്ചുനല്‍കിയ ഇടനിലക്കാരെക്കുറിച്ചും സിബിഐക്ക് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ വിശദമായ അന്വേഷണം തുടരുകയാണ്.

വളരെ പുതിയ വളരെ പഴയ