ന്യൂഡൽഹി: ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. ലിറ്ററിന് 3.04 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെത്തുടർന്ന് രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില വർധിച്ചതും ഇറക്കുമതി ചെലവ് ഉയർന്നതുമാണ് വില വർധനവിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ പൂർത്തിയായതിന് തൊട്ടുപിന്നാലെയാണ് ഈ വർധനവ് ഉണ്ടായിരിക്കുന്നത്.
വില ഇനിയും ഉയരുമെന്ന ഭീതിയെത്തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പെട്രോൾ പമ്പുകളിൽ വാഹനങ്ങളുടെ വലിയ തിരക്കും പരിഭ്രാന്തിയും അനുഭവപ്പെട്ടു. അമിതമായ തിരക്ക് കാരണം പലയിടങ്ങളിലും ഇന്ധനം തീർന്നതായും റിപ്പോർട്ടുകളുണ്ട്.
പുതുക്കിയ നിരക്ക് പ്രകാരം തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 109.18 രൂപയും ഡീസലിന് 98.07 രൂപയുമാണ് വില. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 97.77 രൂപയായും ഡീസൽ 90.67 രൂപയായും ഉയർന്നു. ചെന്നൈയിൽ പെട്രോളിന് 103.67 രൂപയും ഡീസലിന് 95.25 രൂപയുമാണ് പുതിയ നിരക്ക്.
