Zygo-Ad

വി ഡി സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ 10ന്; ഒരുക്കങ്ങൾ തകൃതി, ഒരു ലക്ഷത്തോളം പേരെ പ്രതീക്ഷിക്കുന്നു


തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി ഡി സതീശൻ തിങ്കളാഴ്ച രാവിലെ പത്തു മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന വിപുലമായ ചടങ്ങിനുള്ള ഒരുക്കങ്ങൾ അതിവേഗം പൂർത്തിയായിവരികയാണ്. പതിനായിരത്തോളം പേർക്ക് ഒരേസമയം ഇരിക്കാൻ കഴിയുന്ന തരത്തിലുള്ള പന്തലാണ് സ്റ്റേഡിയത്തിൽ തയാറാക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒരു ലക്ഷത്തോളം പേർ എത്തുമെന്നാണ് കണക്കാക്കുന്നത്.

പന്തലിന്റെ വിവിധ ഭാഗങ്ങളിൽ വീഡിയോ വാളുകൾ സ്ഥാപിക്കുന്നതിന് പുറമെ, കൂടുതൽ ആളുകൾക്ക് ചടങ്ങുകൾ തത്സമയം കാണുന്നതിനായി നിശാഗന്ധി ഓഡിറ്റോറിയം ഉൾപ്പെടെ നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ വലിയ സ്ക്രീനുകൾ ഒരുക്കും. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പൊതുജനങ്ങൾക്കുള്ള പ്രവേശനം പാസ് മുഖേന മാത്രമായിരിക്കും നിയന്ത്രിക്കുക. സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം പുതിയ മന്ത്രിമാർ രാജ്ഭവനിൽ ഗവർണറുടെ സൽക്കാരത്തിൽ പങ്കെടുക്കും. തുടർന്ന് ആദ്യ മന്ത്രിസഭാ യോഗം ചേരുകയും പുതിയ നിയമസഭാ സമ്മേളനം വിളിച്ചുചേർക്കുന്നതിനുള്ള ശുപാർശ ഗവർണർക്ക് സമർപ്പിക്കുകയും ചെയ്യും.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എംപി തുടങ്ങിയ പ്രമുഖ ദേശീയ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കാൻ തലസ്ഥാനത്തെത്തും. കൂടാതെ അയൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ചലച്ചിത്ര സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾക്കും ക്ഷണമുണ്ട്. ബിജെപി എംഎൽഎമാരും ചടങ്ങിൽ പങ്കെടുക്കും. വി ഡി സതീശൻ തന്നെ നേരിട്ട് ഫോണിൽ വിളിച്ച് ചടങ്ങിലേക്ക് ക്ഷണിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.


വളരെ പുതിയ വളരെ പഴയ