സംസ്ഥാനത്ത് സ്ത്രീകളുടെ സൗജന്യ കെഎസ്ആർടിസി യാത്ര ജൂൺ 15 മുതൽ തന്നെ നടപ്പിലാക്കുമെന്നും ഇതിൽ യാതൊരുവിധ അവ്യക്തതയുമില്ലെന്നും ഗതാഗതമന്ത്രി സി.പി. ജോൺ അറിയിച്ചു. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പഠനങ്ങൾ നിലവിൽ പുരോഗമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി എംഡിയുമായി കൂടുതൽ ചർച്ചകൾ നടത്തുമെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ജീവനക്കാർക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. തൊഴിലാളി യൂണിയനുകളുമായി യാതൊരു തർക്കവുമില്ലെന്നും പ്രൈവറ്റ് ബസ് ജീവനക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലാവും പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബസ് ഉടമകളുമായി ഉടൻ തന്നെ ചർച്ച നടത്തും.
അതേസമയം, കെഎസ്ആർടിസിയുടെ മുഴുവൻ ബസുകളിലും സൗജന്യ യാത്ര അനുവദിച്ചാൽ പ്രതിമാസം 112 കോടി രൂപയുടെ അധികബാധ്യത വരുമെന്നാണ് റിപ്പോർട്ട്. ഓർഡിനറി ബസുകളിൽ മാത്രമാണ് പദ്ധതി നടപ്പിലാക്കുന്നതെങ്കിൽ ഇത് 57 കോടി രൂപയായി ചുരുങ്ങും. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ യുഡിഎഫ് മുന്നോട്ട് വെച്ച പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു സ്ത്രീകളുടെ സൗജന്യ ബസ് യാത്ര. അധികാരമേറ്റതിന് പിന്നാലെ ജൂൺ 15 മുതൽ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചിരുന്നു.
