കോഴിക്കോട്: വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ മെയ് 25 വരെ ഭാഗികമായി വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുള്ളത്.
പവർഗ്രിഡ് കോർപ്പറേഷന്റെ കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിലെ മൂന്നാം നമ്പർ 500 എംവിഎ ട്രാൻസ്ഫോർമറിന് തകരാർ സംഭവിച്ചതാണ് കാരണം. നിലവിൽ ഇവിടെ അറ്റകുറ്റപ്പണികൾ നടന്നു വരികയാണെന്നും ഇതുമൂലം ഉണ്ടാകുന്ന തടസ്സങ്ങൾ പരിഹരിക്കാൻ മെയ് 25 വരെ സമയമെടുക്കുമെന്നും കെഎസ്ഇബിഎൽ വ്യക്തമാക്കി. ഉപഭോക്താക്കൾ ഈ സാഹചര്യത്തോട് സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
