Zygo-Ad

ലോട്ടറി വിൽപനക്കാരനെ ക്രൂരമായി കൊലപ്പെടുത്തി; മൃതദേഹം പൈപ്പിൽ കെട്ടിയിട്ട നിലയിൽ, പ്രതിക്കായി തിരച്ചിൽ ഊർജിതം

 


കൊല്ലം: കൊല്ലം നഗരത്തിൽ ലോട്ടറി വിൽപനക്കാരനെ അജ്ഞാതൻ ക്രൂരമായി മർദ്ദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തി. മുണ്ടയ്ക്കൽ വെസ്റ്റ് ഊരമ്പള്ളിയിൽ പത്മ വിലാസത്തിൽ രാജേന്ദ്രനെയാണ് (65) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ലക്ഷ്യത്തോടെയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാജേന്ദ്രന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും ബാഗും അക്രമി കവർന്നിട്ടുണ്ട്.

സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിലേക്കുള്ള റോഡിലുള്ള കാർ എസി വർക്ക്ഷോപ്പിന് മുന്നിൽ ഞായറാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം നടന്നത്. ഏറെ നാളായി കുടുംബവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന രാജേന്ദ്രൻ കഴിഞ്ഞ ഒരു മാസമായി ഈ വർക്ക്ഷോപ്പിന് മുന്നിലായിരുന്നു രാത്രി ഉറങ്ങിയിരുന്നത്. കഴുത്തിൽ തുണി ഉപയോഗിച്ച് മുറുക്കി ശ്വാസംമുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് നിഗമനം. സമീപത്തുള്ള പൈപ്പിൽ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെ വർക്ക്ഷോപ്പിലെത്തിയ ജീവനക്കാരാണ് രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് വർക്ക്ഷോപ്പ് ഉടമ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

സംഭവദിവസം വെള്ള ഷർട്ടും കൈലിയും ധരിച്ച ഒരാൾ രാജേന്ദ്രൻ കിടന്നിരുന്ന സ്ഥലത്ത് ഏറെനേരം നിൽക്കുന്നത് സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇയാൾ ആക്രമിക്കാൻ ശ്രമിച്ചതോടെ രാജേന്ദ്രൻ പ്രതിരോധിക്കാൻ നോക്കുകയും മൽപ്പിടുത്തം ഉണ്ടാവുകയും ചെയ്തു. തുടർന്ന് ബോധം നഷ്ടപ്പെട്ട രാജേന്ദ്രനെ കഴുത്തിൽ തുണി ചുറ്റി കെട്ടിവലിച്ച് വർക്ക്ഷോപ്പിന് സമീപത്തെ ഇടനാഴിയിലേക്ക് കൊണ്ടുപോയി. മരണം ഉറപ്പാക്കാൻ മുഖത്ത് ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. അതിനുശേഷമാണ് മൃതദേഹം പൈപ്പിൽ കെട്ടിയിട്ട് പ്രതി രക്ഷപ്പെട്ടത്.

രാജേന്ദ്രന്റെ കൈവശമുണ്ടായിരുന്ന കറുത്ത ബാഗുമായി പ്രതി കമ്മീഷണർ ഓഫീസിന് സമീപത്തേക്ക് നടന്നുപോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പരേതയായ ലതയാണ് രാജേന്ദ്രന്റെ ഭാര്യ. മക്കൾ: അരുൺ, ബിപിൻ.


വളരെ പുതിയ വളരെ പഴയ