മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി നടത്തുന്ന റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഎം നേതാവ് കെ കെ ശൈലജ പറഞ്ഞു. ഇത്തരം റെയ്ഡുകൾ കൊണ്ട് സിപിഎമ്മിനെ ഇല്ലാതാക്കാൻ കഴിയില്ലെന്നും കോൺഗ്രസിന്റെയും ബിജെപിയുടെയും ഒത്തുകളി ജനങ്ങൾ മനസ്സിലാക്കുമെന്നും ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിൽ കെ കെ ശൈലജ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെയുള്ള ഗൂഢാലോചനയെ ശക്തമായി അപലപിക്കണമെന്നും സിപിഎമ്മിനെ കൂടുതൽ കരുത്തുറ്റതാക്കാൻ അണിനിരക്കണമെന്നും ഇഡി റെയ്ഡിൽ പ്രതിഷേധം ശക്തമാക്കാനുള്ള ആഹ്വാനവുമായി പങ്കുവെച്ച പോസ്റ്റിൽ അവർ കുറിച്ചു.
മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട് ഉൾപ്പെടെ പന്ത്രണ്ട് കേന്ദ്രങ്ങളിലാണ് ഇഡി റെയ്ഡ് നടത്തുന്നത്. സിഎംആർഎൽ കമ്പനിയുടെ എറണാകുളത്തെ ഓഫീസിലും മന്ത്രി മുഹമ്മദ് റിയാസിന്റെ വീട്ടിലും ഇഡി ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുന്നുണ്ട്. കേസിൽ അന്വേഷണത്തിന് തടസമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇഡി സംഘം മുന്നറിയിപ്പില്ലാതെ എത്തിയത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, ബെംഗളൂരു എന്നിവിടങ്ങളിൽ സംസ്ഥാന പൊലീസിനെ അറിയിക്കാതെയാണ് ഇഡി പരിശോധന പുരോഗമിക്കുന്നത്. മാസപ്പടി എക്സാലോജിക് ഇടപാടിലെ സാമ്പത്തിക വിവരങ്ങളും രേഖകളും തേടിയാണ് ഇഡിയുടെ നീക്കം. പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്ക് സേവനമൊന്നും നൽകാതെ സിഎംആർഎൽ കമ്പനിയിൽ നിന്ന് ഒരുകോടി എഴുപത്തിരണ്ട് ലക്ഷം രൂപ കൈമാറിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇഡി കേസ് എടുത്തത്.
