Zygo-Ad

ഇഡി റെയ്ഡിനെതിരെ നാളെ എൽഡിഎഫ് സംസ്ഥാന വ്യാപക പ്രതിഷേധം നടത്തും; ബിജെപി കോൺഗ്രസ് സംയുക്ത ഓപ്പറേഷനെന്ന് പി ജയരാജൻ

 


തിരുവനന്തപുരം :സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പിണറായി വിജയന്റെ വീട്ടിലും മറ്റ് കേന്ദ്രങ്ങളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് സിപിഐഎം ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി നാളെ സംസ്ഥാനവ്യാപകമായി എൽഡിഎഫ് പ്രതിഷേധം സംഘടിപ്പിക്കും. വിവിധ ജില്ലാ കേന്ദ്രങ്ങളിൽ നാളെ പ്രതിഷേധ പരിപാടികൾ നടത്താനാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനിച്ചിട്ടുള്ളത്.

 അതേസമയം ഡൽഹിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്തേക്ക് സിപിഐഎം ഇന്ന് പ്രതിഷേധ മാർച്ച് നടത്തും. ഉച്ചയ്ക്ക് രണ്ട് മുപ്പതിന് ജനറൽ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിലാണ് ഇഡി ആസ്ഥാനമായ പരിവർത്തൻ ഭവനിലേക്ക് മാർച്ച് സംഘടിപ്പിക്കുന്നത്.
നിലവിലെ റെയ്ഡ് ബിജെപിയും കോൺഗ്രസും ചേർന്നുള്ള സംയുക്ത ഓപ്പറേഷന്റെ തുടക്കമാണെന്ന് മുതിർന്ന സിപിഐഎം നേതാവ് പി ജയരാജൻ ആരോപിച്ചു. റെയ്ഡ് നടക്കുന്ന കണ്ണൂരിലെ പിണറായി വിജയന്റെ വീട്ടിലെത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

മുഖ്യമന്ത്രി വി ഡി സതീശന്റെ ഡൽഹി യാത്രയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയും ചൂണ്ടിക്കാട്ടിയാണ് സിപിഐഎം നേതാക്കളുടെ ആരോപണം. എക്സാലോജിക് കേസിൽ ഡൽഹി ഹൈക്കോടതി വിധി പറയും മുമ്പ് അന്വേഷണ സംഘം കേരള ഹൈക്കോടതിയിൽ നിന്നും അന്വേഷണത്തിനായി അനുമതി വാങ്ങുകയായിരുന്നുവെന്നും ഇഡി സംഘപരിവാറിന്റെ എക്സ്ട്രാ ഡിപ്പാർട്ട്മെന്റ് ആണെന്നും പി ജയരാജൻ വിമർശിച്ചു.
ഇഡിയുടെ ഇരകളാണ് കോൺഗ്രസ് നേതാക്കളെന്നും സംഘപരിവാറിനെ എതിർക്കുന്ന നേതാക്കളെ കള്ളക്കേസിൽ ചേർക്കാൻ നടത്തിയിട്ടുള്ള ഹീനമായ ശ്രമത്തിന്റെ പുതിയ അധ്യായമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 മതനിരപേക്ഷതയുടെ സംരക്ഷിത തുരുത്തായ കേരളത്തിൽ ഇടതുപക്ഷത്തെ തകർത്തുകൊണ്ടേ സംഘപരിവാറിന് ആധിപത്യം ചെലുത്താനാകൂ എന്നും അതിനായി ഇടതുപക്ഷ വിരുദ്ധ ജ്വരം ഉണ്ടാക്കി അന്തരീക്ഷം ഒരുക്കികൊടുക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്നും ജയരാജൻ പറഞ്ഞു. ഈ റെയ്ഡിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

വളരെ പുതിയ വളരെ പഴയ