Zygo-Ad

പുതിയ യുഡിഎഫ് മന്ത്രിസഭയ്ക്ക് അന്തിമരൂപം: പട്ടികയുമായി വി ഡി സതീശൻ ഗവർണറെ കണ്ടു


തിരുവനന്തപുരം: കേരളത്തിൽ അധികാരത്തിലേറുന്ന പുതിയ യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങൾ ആരൊക്കെ എന്ന് വ്യക്തമായി. നാടകീയമായ ചില അവസാന നിമിഷ നീക്കങ്ങൾക്കൊടുവിലാണ് മന്ത്രിമാരുടെ കാര്യത്തിൽ അന്തിമ ധാരണയായത്. കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ്, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ ജെ ജനീഷ് എന്നിവരുടെ പേരുകൾ മന്ത്രി പട്ടികയിൽ ഇടംപിടിച്ചതായാണ് ഏറ്റവും പുതിയ വിവരം. അങ്കമാലിയിൽ നിന്നുള്ള പ്രതിനിധിയായി റോജി എം ജോണും മന്ത്രിസഭയിലെത്തും.

ചില മന്ത്രിസ്ഥാനങ്ങളെയും വ്യക്തികളെയും ചൊല്ലി മുന്നണിയിലും പാർട്ടിയിലും തർക്കങ്ങൾ നിലനിന്നിരുന്നെങ്കിലും ഒടുവിൽ സമവായത്തിലെത്താൻ കോൺഗ്രസ് നേതൃത്വത്തിന് സാധിച്ചു. കോൺഗ്രസിലെ മുസ്ലിം പ്രതിനിധിയെന്ന പരിഗണനയും ഒപ്പം വയനാട് ജില്ലയ്ക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം ഉറപ്പാക്കുക എന്ന ലക്ഷ്യവുമാണ് ടി സിദ്ദിഖിന് അനുകൂലമായത്. മന്ത്രിമാരുടെ പട്ടികയിൽ കെ സി വേണുഗോപാൽ പക്ഷം ശക്തമായ സ്വാധീനം ഉറപ്പിച്ചതായാണ് സൂചനകൾ.

ഘടകകക്ഷികളുടെ മന്ത്രിമാരുടെ കാര്യത്തിൽ നേരത്തെ തന്നെ വ്യക്തത വന്നിരുന്നു. അന്തിമ മന്ത്രിപ്പട്ടികയുമായി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ഗവർണറെ കണ്ട് ലിസ്റ്റ് കൈമാറാൻ രാജ്ഭവനിലെത്തി. പുതിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ പത്ത് മണിക്ക് നടക്കും.

 

 

വളരെ പുതിയ വളരെ പഴയ