കണ്ണൂർ സിറ്റി ജില്ലാ പരിധിയിൽ മോട്ടോർ വാഹന നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴത്തുക ഈടാക്കുന്നതിനായി ഇ ചലാൻ അദാലത്ത് സംഘടിപ്പിക്കുന്നു. 2021 വർഷം മുതൽ പോലീസ് ഇ ചലാൻ വഴി രജിസ്റ്റർ ചെയ്ത കേസുകളിൽ, പ്രൊസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്യാത്ത സാധാരണ പെറ്റി കേസുകളുടെ പിഴ തുക ഈടാക്കാനാണ് അദാലത്ത് നടത്തുന്നത്. കണ്ണൂർ സിറ്റി ജില്ലയിലെ വിവിധ സബ് ഡിവിഷനുകളിലായി മെയ് 23, മെയ് 30 തീയതികളിലാണ് അദാലത്ത് നടക്കുക.
കണ്ണൂർ സബ് ഡിവിഷന് കീഴിലുള്ളവർക്കായി ട്രാഫിക് എൻഫോസ്‌മെന്റ് യൂണിറ്റ് കണ്ണൂർ, തലശ്ശേരി സബ് ഡിവിഷന് കീഴിലുള്ളവർക്കായി ട്രാഫിക് എൻഫോസ്‌മെന്റ് യൂണിറ്റ് തലശ്ശേരി, കൂത്തുപറമ്പ് സബ് ഡിവിഷൻ പരിധിയിലുള്ളവർക്കായി മട്ടന്നൂർ പോലീസ് സ്റ്റേഷനിലുമാണ് അദാലത്ത് നിശ്ചയിച്ചിരിക്കുന്നത്.
വാഹന ഉടമകൾക്കും നിയമലംഘനം നടത്തിയവർക്കും ഈ അവസരം പ്രയോജനപ്പെടുത്തി തങ്ങളുടെ പേരിലുള്ള പിഴത്തുക രാവിലെ 10 മണിമുതൽ വൈകുന്നേരം 4 മണിവരെയുള്ള സമയത്ത് വന്ന് ഒടുക്കാവുന്നതാണ്. പിഴ തുക യു പി ഐ അല്ലെങ്കിൽ എടിഎം കാർഡ് വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു.
