പോലീസ് സേനയിൽ ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് നിർദേശിച്ചു. പോലീസ് ജയിൽ ഉദ്യോഗസ്ഥരിൽ ഒരു വിഭാഗം സംശയകരമായ പ്രവർത്തനങ്ങളിൽ ഇടപെടുന്നു എന്ന് കാണിച്ച് മലപ്പുറം സ്വദേശി ഡോ സുരേഷ് കെ ഗുപ്തൻ സമർപ്പിച്ച പരാതിയിലാണ് കമ്മിഷന്റെ നടപടി.
പരാതിയെത്തുടർന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവിയിൽ നിന്നും കമ്മിഷൻ റിപ്പോർട്ട് തേടിയിരുന്നു. പൊതുജനങ്ങളോടുള്ള സമീപനത്തിൽ മാന്യത പുലർത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മലപ്പുറം ഡിവൈഎസ്പി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പരിശീലനവും സ്ഥാനക്കയറ്റവും സർക്കാരിന്റെ നയപരമായ വിഷയമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. തുടർന്നാണ് ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് സ്ഥാനക്കയറ്റം നൽകരുതെന്ന് കമ്മിഷൻ ആവശ്യപ്പെട്ടത്.
