കൊച്ചിയിൽ ആളൊഴിഞ്ഞ ബഹുനില കെട്ടിടത്തിൽ വച്ച് ഇരുപത്തിനാലുകാരി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തിൽ തിരുവനന്തപുരം ഇടവ സ്വദേശി ഡാനിഷ് കൊല്ലം സ്വദേശി രാഹുൽ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ മൂന്നാം പ്രതിയായ അതുലിനായുള്ള തിരച്ചിൽ തുടരുകയാണ്.
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള പൂട്ടിക്കിടക്കുന്ന ഹോട്ടൽ കെട്ടിടത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. ആൺസുഹൃത്തിനൊപ്പം കെട്ടിടത്തിന് മുകളിലേക്ക് പോയ യുവതിയെ പ്രതികൾ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. ക്രൂരമായ അതിക്രമത്തിനിടെ പ്രതികളെ തള്ളിമാറ്റി പത്താം നിലയിലെ ഫയർ ഗോവണിയിലൂടെ ഓടിയിറങ്ങിയാണ് യുവതി രക്ഷപ്പെട്ടത്.
സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി ആൺസുഹൃത്തിനൊപ്പം കെട്ടിടത്തിലേക്ക് കയറുന്നത് കണ്ട പ്രതികൾ ഇവരെ പിന്തുടരുകയായിരുന്നു. മദ്യലഹരിയിലായിരുന്ന പ്രതികൾ യുവതിയെയും സുഹൃത്തിനെയും തടഞ്ഞുവെച്ച് ഉപദ്രവിച്ചു. രക്ഷപ്പെട്ട യുവതി പോലീസ് ഹെൽപ്പ് ലൈനിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇരുവരെയും സ്റ്റേഷനിലേക്ക് മാറ്റി. ബൈക്കിൽ കടന്നുകളഞ്ഞ പ്രതികളെ വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പിടികൂടിയത്. പീഡനത്തിനിരയായ യുവതി നിലവിൽ ചികിത്സയിലാണ്.
