Zygo-Ad

കുടുംബശ്രീയിൽ കരാർ പുതുക്കൽ മരവിപ്പിച്ചു: ആയിരക്കണക്കിന് ജീവനക്കാർ ആശങ്കയിൽ


 തിരുവനന്തപുരം: കുടുംബശ്രീ സംസ്ഥാന-ജില്ലാ മിഷനുകളിലെ കരാർ ജീവനക്കാരുടെ കാലാവധി പുതുക്കുന്നത് മരവിപ്പിച്ചുകൊണ്ട് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഉത്തരവിറക്കി. മെയ് 31-ന് കാലാവധി അവസാനിക്കുന്ന ജീവനക്കാരുടെ കരാർ പുതുക്കുന്ന നടപടികളാണ് അപ്രതീക്ഷിതമായി തടഞ്ഞുവെച്ചിരിക്കുന്നത്. ഇതോടെ കുടുംബശ്രീ സംവിധാനത്തിന് കീഴിൽ പ്രവർത്തിക്കുന്ന രണ്ടായിരത്തിലധികം ജീവനക്കാരുടെ തൊഴിൽ അനിശ്ചിതത്വത്തിലായി.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാറിയതിന് പിന്നാലെ മെയ് 6 മുതൽ കരാർ പുതുക്കൽ നടപടികൾ ആരംഭിക്കാൻ നേരത്തെ നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ മെയ് 7-ന് പുറത്തിറങ്ങിയ പുതിയ ഉത്തരവ് പ്രകാരം ജൂൺ ഒന്ന് വരെ നടപടികൾ നിർത്തിവെക്കാനും, ഇതിനോടകം പുതുക്കിയ കരാറുകൾ റദ്ദാക്കാനും നിർദ്ദേശിച്ചു. രാഷ്ട്രീയ ഇടപെടലുകളെ തുടർന്നാണ് ഈ തീരുമാനമെന്ന ആരോപണം ശക്തമാണ്. വരാനിരിക്കുന്ന സർക്കാർ രൂപീകരണത്തിന് മുന്നോടിയായി ഉദ്യോഗസ്ഥർക്ക് മേൽ സമ്മർദ്ദം ചെലുത്തിയാണ് ഇത്തരം ഒരു നീക്കം നടക്കുന്നതെന്ന സൂചനകളുണ്ട്.

ജില്ലാ പ്രോഗ്രാം മാനേജർമാർ, ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ, അക്കൗണ്ടന്റുമാർ, കമ്മ്യൂണിറ്റി കൗൺസിലർമാർ തുടങ്ങി വിവിധ തസ്തികകളിലായി 2624 പേരാണ് നിലവിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നത്. ഇതിൽ 10 മുതൽ 15 വർഷം വരെ പ്രവൃത്തിപരിചയമുള്ളവരും ഉൾപ്പെടുന്നു. കുടുംബശ്രീയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ജീവനക്കാരുടെ ഭാവി ഇല്ലാതാക്കുന്ന നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

 

വളരെ പുതിയ വളരെ പഴയ