Zygo-Ad

മുഖ്യമന്ത്രി തിരഞ്ഞെടുപ്പ്: കെ.സി. വേണുഗോപാലിന് എംഎല്‍എമാരുടെ വന്‍ പിന്തുണ; പട്ടിക പുറത്ത്


 തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായി കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കിടയില്‍ നടത്തിയ അഭിപ്രായശേഖരണത്തില്‍ കെ സി വേണുഗോപാലിന് വന്‍ മുന്നേറ്റം. ഹൈക്കമാന്‍ഡ് നിരീക്ഷകന്‍ മുകുള്‍ വാസ്‌നിക്കിന്റെ പക്കലുണ്ടായിരുന്ന പട്ടികയിലെ വിവരങ്ങള്‍ പുറത്തായതോടെയാണ് എംഎല്‍എമാരുടെ പിന്തുണ സംബന്ധിച്ച വ്യക്തമായ ചിത്രം പുറത്തുവന്നത്. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് സണ്ണി ജോസഫും യുവനേതാവ് സന്ദീപ് വാര്യരും വേണുഗോപാലിനെ പിന്തുണച്ചതായാണ് പുതിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

സണ്ണി ജോസഫ്, സന്ദീപ് വാര്യര്‍, ടി സിദ്ദിഖ് തുടങ്ങിയ പ്രമുഖ നേതാക്കള്‍ കെ സി വേണുഗോപാലിന്റെ പേരാണ് നിര്‍ദ്ദേശിച്ചത്. നേരത്തെ സണ്ണി ജോസഫ് നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്ന് കരുതിയിരുന്നെങ്കിലും അദ്ദേഹം വേണുഗോപാലിന് അനുകൂലമായാണ് വോട്ട് രേഖപ്പെടുത്തിയത്. മുകുള്‍ വാസ്‌നിക് പട്ടികയുമായി മടങ്ങുന്നതിനിടെ പകര്‍ത്തിയ ദൃശ്യങ്ങളില്‍ നിന്നാണ് ഈ രഹസ്യ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചത്.

ആകെ 63 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 47 പേരുടെ പിന്തുണ കെ സി വേണുഗോപാലിനുണ്ടെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ഇത്രയും വലിയ പിന്തുണ വേണുഗോപാലിന് ലഭിച്ചത് വി ഡി സതീശന്‍, രമേശ് ചെന്നിത്തല വിഭാഗങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ രമേശ് ചെന്നിത്തലയെയും കെ സി വേണുഗോപാലിനെയും ഒരുപോലെ പിന്തുണച്ചതായും പട്ടികയിലുണ്ട്.

പട്ടിക പ്രകാരം രമേശ് ചെന്നിത്തലയ്ക്ക് എട്ട് എംഎല്‍എമാരുടെ പിന്തുണ മാത്രമാണുള്ളത്. വി ഡി സതീശനെ പിന്തുണച്ചത് ആറ് പേര്‍ മാത്രമാണ്. എംഎല്‍എമാരുടെ പിന്തുണയില്‍ വലിയ ഭൂരിപക്ഷമുള്ളതിനാല്‍ ഹൈക്കമാന്‍ഡ് റിപ്പോര്‍ട്ടില്‍ കെ സി വേണുഗോപാലിന് വലിയ മുന്‍ഗണന ലഭിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

 

വളരെ പുതിയ വളരെ പഴയ