തിരുവനന്തപുരം:മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ അടക്കം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. തിരുവനന്തപുരത്ത് ബേക്കറി ജംങ്ഷനിലുള്ള വാടക വീട്ടിലാണ് ഇഡി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. സിഎംആർഎൽ എക്സാലോജിക്കുമായി ബന്ധപ്പെട്ട മാസപ്പടി കേസിലാണ് ഈ നടപടി. പിണറായി വിജയന്റെ കണ്ണൂരിലെ വീട്, സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ വീട്, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വീട്, എക്സാലോജികിന്റെ ബംഗളൂരുവിലെ ഓഫീസ് ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പന്ത്രണ്ടിടങ്ങളിലാണ് ഇഡി ഒരേസമയം റെയ്ഡ് നടത്തുന്നത്. മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവ് പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഈ നിർണായക നടപടി.
ബേക്കറി ജംക്ഷനിലെ വീട്ടിനുള്ളിൽ പിണറായി വിജയനുണ്ട്. കേസിൽ ആരോപണ വിധേയായ അദ്ദേഹത്തിന്റെ മകൾ വീണ വിജയനും കുടുംബവും ഈ സമയത്ത് വീട്ടിലുണ്ടെന്നാണ് വിവരം. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ഇഡി ഉദ്യോഗസ്ഥർ വീട്ടിനുള്ളിൽ പ്രവേശിച്ചിരിക്കുന്നത്. പുലർച്ചെയോടെയാണ് ഇഡി ഉദ്യോഗസ്ഥർ സംഘമായി തിരുവനന്തപുരത്തെ വീട്ടിലെത്തിയത്.
മാസപ്പടി കേസിൽ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിനായി ഉദ്യോഗസ്ഥർക്ക് സമൻസ് അയച്ച നടപടി ചോദ്യം ചെയ്ത് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് കമ്പനിയും ഉദ്യോഗസ്ഥരും നൽകിയ ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുകളടക്കം അന്വേഷിക്കുന്നതിന്റെ ഭാഗമായി സമൻസ് അയക്കാൻ ഇഡിക്ക് അധികാരമില്ലെന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു കമ്പനി കോടതിയെ സമീപിച്ചത്. എന്നാൽ അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിൽ അയക്കുന്ന സമൻസിനെതിരെ ഹർജി നൽകുന്നത് അപക്വമായ നടപടിയാണെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. ഇതിന് പിന്നാലെയാണ് സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഇഡി പരിശോധന വ്യാപിപ്പിച്ചത്.
