കണ്ണൂരിൽ പി. ജയരാജനായി ഫ്ളക്സ് തരംഗം.നേതൃത്വത്തിനെതിരെ അണികളുടെ പരസ്യ പ്രതിഷേധം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ കണ്ണൂരിൽ സി.പി.എം നേതൃത്വത്തിനെതിരെ അണികളുടെ പ്രതിഷേധം ശക്തമാകുന്നു. 'പി. ജയരാജനെ വിളിക്കൂ, പാർട്ടിയെ രക്ഷിക്കൂ' എന്ന വാചകങ്ങളുമായി അഴീക്കോട് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പി. ജയരാജനെ പിന്തുണച്ച് വ്യാപകമായി ഫ്ളക്സ് ബോർഡുകൾ ഉയർന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് എന്നിവർക്കെതിരെ രൂക്ഷമായ വിമർശനമാണ് ഈ ബോർഡുകളിലൂടെ ഉയർത്തുന്നത്. നേതൃമാറ്റം ആവശ്യപ്പെട്ട് നേരത്തെ കോളയാടും സമാനമായ രീതിയിൽ പ്രതിഷേധം ഉയർന്നിരുന്നു.
തെറ്റുപറ്റിയത് നേതൃത്വത്തിനാണെന്ന് ഉറച്ചുവിശ്വസിക്കുന്ന അണികൾ പാർട്ടിക്കെതിരെ വോട്ടുചെയ്ത സാഹചര്യത്തിൽ, അവരെ എങ്ങനെ തിരികെ എത്തിക്കുമെന്നത് സി.പി.എമ്മിന് വലിയ വെല്ലുവിളിയായിരിക്കുകയാണ്. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും സ്ഥാനാർത്ഥി നിർണ്ണയത്തിലുണ്ടായ പാളിച്ചകൾ കേരളത്തിലുടനീളം പ്രതിഫലിച്ചുവെന്നാണ് പാർട്ടിബന്ധുക്കളുടെ വിലയിരുത്തൽ. പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ ആരോപണവിധേയരെ സംരക്ഷിച്ചതും ടി.ഐ. മധുസൂദനനെ വീണ്ടും സ്ഥാനാർത്ഥിയാക്കിയതും അണികളെ ചൊടിപ്പിച്ചു. അതുപോലെ, തളിപ്പറമ്പിൽ എം.വി. ഗോവിന്ദൻ്റെ ഭാര്യ പി.കെ. ശ്യാമളയെ മത്സരിപ്പിക്കാനുള്ള തീരുമാനവും ധാർഷ്ട്യമായാണ് താഴെത്തട്ടിൽ വിലയിരുത്തപ്പെട്ടത്.
കണ്ണൂർ ജില്ലയിൽ മാത്രം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എൽ.ഡി.എഫിന് 1.11 ലക്ഷം വോട്ടുകളുടെ കുറവുണ്ടായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വോട്ട് ചെയ്തവരുടെ എണ്ണം വർധിച്ചിട്ടും പാർട്ടിക്കുണ്ടായ ഈ വലിയ തകർച്ചയ്ക്ക് കാരണം മുകൾത്തട്ടിലുള്ളവരുടെ തീരുമാനങ്ങളാണെന്ന് അണികൾ പരസ്യമായി പ്രതികരിച്ചു തുടങ്ങിക്കഴിഞ്ഞു. വിരലിലെണ്ണാവുന്ന നേതാക്കളെ സംരക്ഷിക്കാൻ പാർട്ടിയെ ബലികൊടുത്തുവെന്ന രോഷമാണ് ഇപ്പോൾ ഫ്ളക്സ് ബോർഡുകളിലൂടെയും മറ്റും പുറത്തുവരുന്നത്. ഈ സാഹചര്യത്തിൽ നേതൃത്വം തെറ്റുതിരുത്തുമോ അതോ അണികളെ തിരുത്താൻ ശ്രമിക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
