തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി പദത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാകുന്നു. തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ നിയമസഭാ കക്ഷിയോഗം കെപിസിസി ആസ്ഥാനത്ത് ആരംഭിച്ചു. എഐസിസി നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് യോഗം നടക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള മത്സരത്തിൽ നിന്ന് താൻ പിന്മാറില്ലെന്ന് കെ സി വേണുഗോപാൽ അനുകൂലികളെ അറിയിച്ചു. ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണ ലഭിച്ചാൽ ഹൈക്കമാൻഡ് അനുമതി നൽകുമെന്നാണ് വേണുഗോപാൽ ക്യാമ്പിന്റെ പ്രതീക്ഷ. അതേസമയം വെറും എണ്ണം മാത്രം നോക്കിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതെന്ന് വി ഡി സതീശൻ നിരീക്ഷകർക്ക് മുന്നിൽ വാദിച്ചു. എല്ലാ ഘടകങ്ങളും പരിശോധിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കെ സുധാകരൻ നിരീക്ഷകർക്ക് കത്ത് നൽകിയത് ചർച്ചകൾക്ക് പുതിയ വേഗത നൽകിയിട്ടുണ്ട്. നിലവിൽ 47 എംഎൽഎമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് വേണുഗോപാൽ വിഭാഗം അവകാശപ്പെടുന്നു. രമേശ് ചെന്നിത്തലയ്ക്ക് 16 പേരുടെയും വി ഡി സതീശന് 9 പേരുടെയും പിന്തുണയുണ്ടെന്നാണ് സൂചനകൾ. എന്നാൽ വ്യക്തിഗത കൂടിക്കാഴ്ചകളിൽ എംഎൽഎമാർ നിലപാട് മാറ്റുമോ എന്ന ആശങ്ക ഗ്രൂപ്പ് നേതാക്കൾക്കിടയിലുണ്ട്. എംഎൽഎമാരെ സ്വാധീനിക്കാൻ മന്ത്രിസ്ഥാനം ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ നൽകിയതായും റിപ്പോർട്ടുകളുണ്ട്.
നിരീക്ഷകരായ അജയ് മാക്കനും മുകുൽ വാസ്നിക്കും എംഎൽഎമാരെ നേരിൽ കണ്ട് അഭിപ്രായം തേടും. തുടർന്ന് തീരുമാനമെടുക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം യോഗം പാസാക്കും. ഘടകകക്ഷി നേതാക്കളുമായും നിരീക്ഷകർ സംസാരിക്കും. ഡൽഹിയിൽ നിരീക്ഷകർ റിപ്പോർട്ട് സമർപ്പിച്ച ശേഷം ഞായറാഴ്ചയോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.
