തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ നിശ്ചയിക്കുന്ന കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനം ഉടനുണ്ടാകും. എഐസിസി നിരീക്ഷകർ ഇന്ന് റിപ്പോർട്ട് സമർപ്പിക്കുന്നതോടെ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപനം ഉണ്ടായേക്കും. വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്.
തിരഞ്ഞെടുക്കപ്പെട്ട ഭൂരിഭാഗം എംഎൽഎമാരും കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും നിലവിലെ എംപിമാരെ നിയമസഭയിലേക്ക് കൊണ്ടുവരേണ്ടതില്ലെന്ന മുൻ തീരുമാനം അദ്ദേഹത്തിന് തടസ്സമായേക്കാം. അതേസമയം, പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള മികച്ച പ്രകടനം വി.ഡി. സതീശന് അനുകൂല ഘടകമാണ്. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ പിന്തുണയും സതീശനുണ്ട്. എന്നാൽ തന്റെ സീനിയോറിറ്റി പരിഗണിക്കണമെന്ന നിലപാടിൽ രമേശ് ചെന്നിത്തലയും ഉറച്ചുനിൽക്കുന്നു.
നേതാക്കൾക്കായി അണികൾ തെരുവിൽ ഇറങ്ങുന്നതിലും ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കുന്നതിലും രാഹുൽ ഗാന്ധി അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. വിഷയം ചർച്ച ചെയ്യാൻ വി.ഡി. സതീശനെയും രമേശ് ചെന്നിത്തലയെയും ഡൽഹിയിലേക്ക് വിളിപ്പിച്ചേക്കും. പാർട്ടിയിലെ ഗ്രൂപ്പ് പോര് ഒഴിവാക്കി സമവായത്തിലൂടെയുള്ള ഒരു തീരുമാനത്തിനാണ് കേന്ദ്ര നേതൃത്വം ശ്രമിക്കുന്നത്.
