Zygo-Ad

'തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതം; ജനവിധി ആദരവോടെ സ്വീകരിക്കുന്നു; ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി എൽഡിഎഫ് പ്രവർത്തിക്കും'- പിണറായി വിജയൻ


തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് മൂന്നു ദിവസത്തിന് ശേഷം മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരണവുമായി പിണറായി വിജയൻ.

തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമായിരുന്നുവെന്ന് അദ്ദേഹം പ്രസ്താവനയില്‍‌ പറഞ്ഞു. എല്‍ഡിഎഫിന് ഈ ജനവിധി ഒരു അവസാനമല്ല, മറിച്ച്‌ തുടർച്ചയായ രാഷ്ട്രീയ പ്രവർത്തനത്തിനുള്ള പുതിയ തുടക്കമാണ്. ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി പ്രവർത്തിക്കുകയാണ് എല്‍ഡിഎഫിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയൻ്റെ പ്രസ്താവനയുടെ പൂർ‌ണരൂപം

നിയമസഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഈ തെരഞ്ഞെടുപ്പില്‍ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം തീർത്തും അപ്രതീക്ഷിതമായ തെരഞ്ഞെടുപ്പ് ഫലമാണ് വന്നിട്ടുള്ളത്. എല്ലാവിധ എതിർ പ്രചാരണങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ഇടയിലും എല്‍ഡിഎഫിന് ജനങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് ഞങ്ങള്‍ നന്ദി പറയുന്നു.

 മൂന്നാം വട്ടം തുടർച്ചയായി പ്രതീക്ഷിച്ച വിജയം കൈവിട്ടെങ്കിലും, വലിയൊരു ജനവിഭാഗം എല്‍ഡിഎഫിനൊപ്പം ഉറച്ചുനിന്നുവെന്നത് ഞങ്ങള്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്.

എല്‍ഡിഎഫിന് ഈ ജനവിധി ഒരു അവസാനമല്ല, മറിച്ച്‌ തുടർച്ചയായ രാഷ്ട്രീയ പ്രവർത്തനത്തിനുള്ള പുതിയ തുടക്കമാണ്. ജനങ്ങളുടെ വിശ്വാസം മെച്ചപ്പെട്ട നിലയില്‍ വീണ്ടെടുക്കാനും കൂടുതല്‍ ശക്തമായി മുന്നോട്ട് പോകാനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.

 കഴിഞ്ഞ 10 വർഷങ്ങളിലുടനീളം നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും ജനക്ഷേമ പദ്ധതികളും സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചുവെന്നത് നിസ്സംശയമാണ്. അവ നിലച്ചു പോകാതിരിക്കാനും മുന്നോട്ടു കൊണ്ടു പോകാനും ശക്തമായ ജനജാഗ്രത തുടർന്നും ഉണ്ടാകേണ്ടതുണ്ട്.

നവകേരള നിർമ്മാണത്തിനായി എല്‍ഡിഎഫ് മുന്നോട്ടുവെച്ച കാഴ്ചപ്പാടുകള്‍ - വിജ്ഞാന സമ്പദ്‌വ്യവസ്ഥ, യുവജന തൊഴില്‍, സാമൂഹ്യ നീതി, പൊതു ആരോഗ്യവും വിദ്യാഭ്യാസവും - ഇവയെല്ലാം ഇനി മുന്നോട്ടു പോകുമെന്ന് ശക്തമായ പ്രതിപക്ഷ നിലപാടിലൂടെ ഉറപ്പാക്കും. 

അതിദാരിദ്ര്യ നിർമാർജനവും സ്ത്രീ ശക്തീകരണവും സാമൂഹ്യ സുരക്ഷയും ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഞങ്ങള്‍ മുന്നോട്ടു വെച്ച നയങ്ങള്‍ ജനങ്ങള്‍ക്ക് ആവശ്യമായവയാണ്. അവ നടപ്പിലാക്കുന്നതിനായി പുതിയ സർക്കാരിന്മേല്‍ ജനാധിപത്യ സമ്മർദ്ദം ചെലുത്തും.

ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്ന ഏത് നല്ല നടപടിയെയും പിന്തുണക്കും. അതേ സമയം, ജനവിരുദ്ധമായ തീരുമാനങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്യും. ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി പ്രവർത്തിക്കുകയാണ് എല്‍ഡിഎഫിന്റെ ലക്ഷ്യം.

കേരളത്തിന്റെ മതനിരപേക്ഷതയും ബഹുസ്വരതയും സംരക്ഷിക്കുക എന്നത് എല്‍ഡിഎഫിന്റെ അടിസ്ഥാന നിലപാടാണ്. ഈ തെരഞ്ഞെടുപ്പിലെ ചില സൂചനകള്‍ മതനിരപേക്ഷത സംരക്ഷിക്കണം എന്ന് ആഗ്രഹിക്കുന്നവരെ ആശങ്കപ്പെടുത്തുന്നതാണ്. ബിജെപി മൂന്ന് സീറ്റുകള്‍ നേടിയത് ഗൗരവതരമാണ്. ഒരു വർഗീയതയോടും സന്ധി ചെയ്യാതെ വിഭജന രാഷ്ട്രീയത്തിനെതിരെ ഞങ്ങളുടെ പോരാട്ടം തുടരും.

ഈ തെരഞ്ഞെടുപ്പിനിടയില്‍ വ്യാപകമായ വ്യാജപ്രചാരണങ്ങള്‍ നടന്നുവെന്നത് മുമ്പും പറഞ്ഞതാണ്. അതില്‍ ചില മാധ്യമങ്ങള്‍ വഹിച്ച പങ്ക് ഗൗരവമായി പരിശോധിക്കപ്പെടേണ്ടതാണ്. 

അർദ്ധ സത്യങ്ങളെയും അതിശയോക്തികളെയും വസ്തുതാ വിരുദ്ധ പ്രചാരണങ്ങളെയും ആശ്രയിച്ച അവതരണങ്ങള്‍ ജനാധിപത്യത്തിന് ഗുണകരമല്ല. എങ്കിലും, ഈ അനുഭവങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുകയാണ് പ്രധാനമെന്ന് എല്‍ഡിഎഫ് വിശ്വസിക്കുന്നു.

തെരഞ്ഞെടുപ്പ് ഫലം സമഗ്രമായി പരിശോധിക്കുവാനും എല്ലാ സഖാക്കളുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കാനും എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. 

ജനാധിപത്യപരമായ തുറന്ന പരിശോധന ആണ് ഉദ്ദേശിക്കുന്നത് . തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം പൊതുസമൂഹത്തില്‍ നിന്നും സഖാക്കളില്‍ നിന്നും ഉയരുന്ന ആശങ്കകളും അഭിപ്രായങ്ങളും വിമർശനങ്ങളും ഗൗരവബുദ്ധ്യാ പരിശോധിക്കും. എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേട്ട് തീരുമാനങ്ങള്‍ എടുക്കും.

എല്‍ഡിഎഫിനു വേണ്ടി പതിനായിരക്കണക്കിന് പ്രവർത്തകരാണ് ഈ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ അഹോരാത്രം ഏറ്റെടുത്തത്. അവരെ ആകെ അഭിവാദ്യം ചെയ്യുന്നു.

ഞങ്ങളെ എതിർത്ത ശക്തികള്‍ - യുഡിഎഫ്, ബിജെപി, ചില മാധ്യമങ്ങളുടെ നിലപാട് - ഇവയെല്ലാം ചേർന്നുണ്ടാക്കിയ രാഷ്ട്രീയ സാഹചര്യത്തിലാണ് ഈ ഫലം ഉണ്ടായത്.

 അരാജക - അരാഷ്ട്രീയ സ്വഭാവം ഉള്ള ചില കേന്ദ്രങ്ങളുടെ തെറ്റായ പ്രചരണത്തിലും ചിലരെങ്കിലും കുടുങ്ങി പോയിട്ടുണ്ട്. അവരെയൊക്കെ വസ്തുതകള്‍ ബോധ്യപ്പെടുത്താൻ ഗൗരവമായ ശ്രമം ഉണ്ടാകും.

ജനങ്ങള്‍ നല്‍കിയ വിധിയെ മാനിച്ച്‌ കൂടുതല്‍ ശക്തമായി പ്രവർത്തിക്കാൻ ഞങ്ങള്‍ തയ്യാറാണ്. നുണക്കഥകളും കോർപ്പറേറ്റ്-പി ആർ ബുദ്ധിശാലകളില്‍ ഉരുത്തിരിഞ്ഞ വ്യാജ പ്രചാരണങ്ങളും ഞങ്ങളെ പിന്നോട്ടടിപ്പിക്കില്ല.

 എല്‍ഡിഎഫിന്റെ നിലപാടുകളിലും ഇടപെടലുകളിലും വന്ന വീഴ്ചകള്‍ ജനാധിപത്യപരമായി തന്നെ പരിശോധിക്കും. ആവശ്യമായ തിരുത്തലുകള്‍ വരുത്തും. ജനങ്ങളോടുള്ള ബന്ധം കൂടുതല്‍ ശക്തമാക്കി, കൂടുതല്‍ വ്യക്തതയോടെയും ആത്മവിശ്വാസത്തോടെയും എല്‍ഡിഎഫ് മുന്നോട്ട് പോകും.

കേരളത്തിന്റെ ഭാവിക്കായി, ജനങ്ങളുടെ ക്ഷേമത്തിനായി, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പോരാട്ടം തുടരും.

എല്‍ഡിഎഫിനൊപ്പം നിന്ന എല്ലാവർക്കും വീണ്ടും നന്ദി അറിയിക്കുന്നു. കേരള ജനതയുടെ വിശ്വാസം വീണ്ടെടുക്കാൻ കൂടുതല്‍ ശക്തമായി തിരിച്ചു വരും എന്ന് ഉറപ്പു നല്‍കുന്നു.

വളരെ പുതിയ വളരെ പഴയ