ദില്ലി: ആം ആദ്മി പാർട്ടിക്ക് സമാനമായി കോക്രോച്ച് ജനതാ പാർട്ടി ഭരണരംഗത്ത് തലവേദനയാകുമോ എന്ന ആശങ്കയിൽ കേന്ദ്രസർക്കാർ. ഇതുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ സിജെപിയുടെ എക്സ് അക്കൗണ്ട് വിലക്കിയതിൽ കേന്ദ്ര സർക്കാർ മൗനം തുടരുകയാണ്. ഈ അക്കൗണ്ടിലൂടെ യുവാക്കളെ സംഘടിപ്പിക്കാൻ നീക്കം നടന്നോയെന്ന് നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. അതേസമയം പാർട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പിന്തുടരുന്നവരുടെ എണ്ണം രണ്ട് കോടി കടന്നു. ശശി തരൂർ സിജെപിയെ അനുകൂലിച്ചെങ്കിലും സാഹചര്യം നിരീക്ഷിച്ച ശേഷം പ്രതികരണം മതിയെന്ന നിലപാടിലാണ് കോൺഗ്രസ്.
അതിനിടെ കോക്രോച്ച് ജനതാ പാർട്ടിയെ രാഷ്ട്രീയ മുന്നണിയാക്കുന്നത് ആലോചിക്കുമെന്ന് സ്ഥാപകൻ അഭിജിത് ദീപ്കെ പറഞ്ഞു. തന്റെ ഇൻസ്റ്റ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും അഭിജിത് പ്രതികരിച്ചു. സിജെപിയുടെ പേരിൽ മനുഷ്യ ചങ്ങലയ്ക്ക് നാളെ ആഹ്വാനം ഉയർന്നതോടെ കർണാടക പൊലീസ് ജാഗ്രതയിലാണ്. ഡിജിറ്റൽ ഇടത്തിൽ യുവാക്കളുടെ ആവേശമായി കത്തിക്കയറുകയാണ് കോക്രോച്ച് ജനതാ പാർട്ടി. പ്രചാരണത്തിലും പുതുവഴിയിലാണ് സിജെപി. ഇൻസ്റ്റ റീൽസിലും സ്റ്റോറിയിലും സ്റ്റാറ്റസായും നിറയുന്നത് ഈ പാറ്റാ സംഘം ഇറക്കുന്ന എഐ വിഡീയോകളാണ്.
എന്താണ് കോക്രോച് ജനതാ പാർട്ടി?
ഇന്ത്യയിലെ തൊഴിലില്ലായ്മ, രാഷ്ട്രീയ അസ്ഥിരത, ഭരണകൂടത്തോടുള്ള വിയോജിപ്പ് എന്നിവയ്ക്കെതിരെ ഉയർന്നുവന്ന ആക്ഷേപഹാസ്യപരമായ രാഷ്ട്രീയ പ്രസ്ഥാനമാണ് കോക്രോച്ച് ജനതാ പാർട്ടി. ആം ആദ്മി പാർട്ടിയുടെ മുൻ സോഷ്യൽ മീഡിയ സ്ട്രാറ്റജിസ്റ്റ് ആയിരുന്ന അഭിജീത് ദിപ്കെയാണ് ഈ പ്രസ്ഥാനം സ്ഥാപിച്ചത്. സുപ്രീം കോടതിയിൽ നടന്ന ഒരു വാദത്തിനിടെ, ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തൊഴിലില്ലാത്ത യുവാക്കളെ പാറ്റകളോട് ഉപമിച്ചുകൊണ്ട് നടത്തിയ പരാമർശം വൻ പ്രതിഷേധത്തിന് കാരണമായിരുന്നു. ഈ പരാമർശത്തിനുള്ള മറുപടിയായാണ് അഭിജീത് ദിപ്കെ കോക്രോച്ച് ജനതാ പാർട്ടി എന്ന ആശയവുമായി രംഗത്തെത്തിയത്. അലസരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദം എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം.
ആദ്യ 48 മണിക്കൂറിനുള്ളിൽ 40000 ത്തിലധികം ആളുകളാണ് ഇതിൽ രജിസ്റ്റർ ചെയ്തത്. ഇതിനോടകം ലക്ഷക്കണക്കിന് അംഗങ്ങൾ ഈ പ്രസ്ഥാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിലും എക്സിലും വലിയ ഫോളോവേഴ്സിനെ സ്വന്തമാക്കിയ ഈ പ്രസ്ഥാനം ഇതിനോടകം വലിയൊരു ഓൺലൈൻ സ്വാധീനമായി മാറിയിരിക്കുകയാണ്.
