തിരുവനന്തപുരം: മൂന്ന് സീറ്റുകളിൽ ഉജ്ജ്വല വിജയം നേടി ചരിത്രത്തിലാദ്യമായി കേരള നിയമസഭയിൽ ശക്തമായ സാന്നിധ്യമുറപ്പിച്ച ബിജെപി സഭയിൽ ആദ്യ രാഷ്ട്രീയ പോരാട്ടത്തിന് ഒരുങ്ങുന്നു. വെള്ളിയാഴ്ച നടക്കുന്ന സ്പീക്കർ തിരഞ്ഞെടുപ്പിൽ ബിജെപി തങ്ങളുടെ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കും.
കൊല്ലം ജില്ലയിലെ ചാത്തന്നൂർ മണ്ഡലത്തിൽ നിന്നും ജനവിധി നേടി സഭയിലെത്തിയ ബി ബി ഗോപകുമാറാണ് ബിജെപിയുടെ സ്പീക്കർ സ്ഥാനാർത്ഥി. ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎൽഎയുമായ രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയത്. കേരള നിയമസഭയുടെ ചരിത്രത്തിൽ ഇന്നേവരെ സ്പീക്കർ തിരഞ്ഞെടുപ്പിൽ ഒരു ബിജെപി പ്രതിനിധി മത്സരിച്ചിട്ടില്ലാത്തതിനാൽ രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ളതാണ് ഈ നീക്കം.
