Zygo-Ad

"അവരെല്ലാം എന്റെ കുഞ്ഞനുജത്തിമാർ- സന്യാസ സദൃശ ജീവിതം നയിക്കുന്ന എന്നെ സ്ത്രീലമ്പടനാക്കി" എന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചെറിയാൻ ഫിലിപ്പ്

 


തിരുവനന്തപുരം: തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഇന്ദിരാ ഭവനിൽ വെച്ച് എംഎൽഎമാരെ ആലിംഗനം ചെയ്ത സംഭവം വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് രംഗത്ത്. തിരഞ്ഞെടുപ്പ് വിജയലഹരിയിൽ പരിസരബോധം മറന്നാണ് ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുന്നിൽ വെച്ച് ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എംഎൽഎമാരെയും സ്നേഹത്തോടെ ആലിംഗനം ചെയ്തതെന്ന് ചെറിയാൻ ഫിലിപ്പ് ഫെയ്സ്ബുക്കിൽ കുറിച്ചു. ഇതിൽ തന്റെ ഭാഗത്ത് എന്തെങ്കിലും അനൗചിത്യം ഉണ്ടായിട്ടുണ്ടെങ്കിൽ പൊതുസമൂഹം പൊറുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തന്റേത് പിതൃനിർവിശേഷമായ സ്നേഹപ്രകടനമായിരുന്നു എന്ന് മഹിളാ കോൺഗ്രസ് പ്രസിഡന്റ് ജെബി മേത്തർ എംപി അന്നുതന്നെ പറഞ്ഞിട്ടുണ്ടെന്ന് ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി. തന്റെ പെരുമാറ്റത്തിൽ ദുരുദ്ദേശ്യം ഉണ്ടായിരുന്നില്ലെന്ന് ബിന്ദു കൃഷ്ണയും സ്വാഭാവികമായ പ്രവൃത്തി മാത്രമാണെന്ന് ഷാനിമോൾ ഉസ്മാനും വ്യക്തമാക്കിയിട്ടുണ്ട്. വർഷങ്ങളായി പരിചയമുള്ള ഇവരെല്ലാം തന്റെ കുഞ്ഞനുജത്തിമാരാണെന്നും ഇന്ദിരാ ഭവനിൽ വെച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഇവരുമായി ആഹ്ലാദപൂർവ്വം സൗഹൃദം പങ്കുവെച്ചതായും അദ്ദേഹം പറഞ്ഞു.

അരനൂറ്റാണ്ട് മുൻപ് രാഷ്ട്രീയ പീഡനത്തിൽ നട്ടെല്ലിനും സുഷുമ്നാ കാണ്ഡത്തിനും ക്ഷതമേറ്റതിനെ തുടർന്ന് ക്രമേണ അരയ്ക്ക് താഴെയുള്ള നാഡീവ്യവസ്ഥ തകരാറിലായ വ്യക്തിയാണ് താനെന്നും കാലുകളിലെ പേശികൾ ശോഷിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. തുടർച്ചയായ ചികിത്സ കൊണ്ടാണ് ഇപ്പോഴും നടക്കുന്നത്. ഒറ്റയാനായി സന്യാസ സദൃശമായ ജീവിതം നയിക്കുന്ന എന്നെ ഒരു സ്ത്രീലമ്പടനായി ചില സാമൂഹ്യമാധ്യമങ്ങൾ ചിത്രീകരിച്ചത് മാനസികമായി തളർത്തിയെന്നും ദിവസങ്ങളായി ഉറക്കം നഷ്ടപ്പെടുത്തിയെന്നും ചെറിയാൻ ഫിലിപ്പ് കുറിച്ചു. ദുഷ്പ്രചാരണങ്ങൾക്കിടയിലും തനിക്ക് സാന്ത്വനമരുളിയ അഭ്യുദയകാംക്ഷികളോട് അദ്ദേഹം നന്ദി അറിയിച്ചു.

 

വളരെ പുതിയ വളരെ പഴയ