Zygo-Ad

പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച്‌ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ

 


തിരുവനന്തപുരം:സി.പി.ഐ.എം നേതാവും കാവൽ മുഖ്യമന്ത്രിയുമായ പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ പിണറായി വിജയന്റെ വാടകവീട്ടിലാണ് വി.ഡി. സതീശൻ എത്തിയത്. വീടിന്റെ പൂമുഖത്തേക്ക് ഇറങ്ങിവന്ന് പിണറായി വിജയനും ഭാര്യ കമലയും മകൾ വീണയും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

തുടർന്ന് സതീശന്റെ കൈപിടിച്ച് പിണറായി വിജയൻ മുറിക്കുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഓഫീസ് മുറിയിലിരുന്ന് ചായ കുടിച്ചുകൊണ്ട് ഇരുനേതാക്കളും ചർച്ച നടത്തി. സഭയ്ക്കകത്തും പുറത്തും ഭരണ-പ്രതിപക്ഷ നിരകളിലിരുന്ന് പരസ്പരം ഏറ്റുമുട്ടിയ രണ്ടു നേതാക്കളുടെ ഹൃദ്യമായ സമാഗമത്തിനാണ് ഈ കൂടിക്കാഴ്ച സാക്ഷ്യം വഹിച്ചത്. പിണറായിയുടെ കുടുംബാംഗങ്ങൾക്ക് പുറമെ, മുൻ എം.എൽ.എ വി.കെ. പ്രശാന്ത് അടക്കമുള്ളവർ ഈ സമയം വീട്ടിലുണ്ടായിരുന്നു.

കേരളത്തിന്റെ പൊതുവായ കാര്യങ്ങളിൽ ഒന്നിച്ച് നിൽക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം വി.ഡി. സതീശൻ വ്യക്തമാക്കി. മുൻ സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ ഒന്നും മാറ്റില്ലെന്നും എന്നാൽ വിവാദമായ പദ്ധതികളിൽ മാത്രം മാറ്റമുണ്ടായേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിനെ വീട്ടിലെത്തി കണ്ടശേഷമാണ് വി.ഡി. സതീശൻ പിണറായി വിജയന്റെ വസതിയിലെത്തിയത്. രാവിലെ മുൻമന്ത്രിയും സ്പീക്കറുമായിരുന്ന ജി. കാർത്തികേയന്റെ വീട്ടിലും അദ്ദേഹം സന്ദർശനം നടത്തിയിരുന്നു.


https://kannurvibe.com//


വളരെ പുതിയ വളരെ പഴയ