Zygo-Ad

മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് അറുപത്തിയാറാം പിറന്നാൾ

 


തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഇന്ത്യൻ സിനിമയുടെ അഭിമാനമായ മഹാപ്രതിഭ മോഹൻലാലിന് ഇന്ന് അറുപത്തിയാറാം പിറന്നാൾ. നാലര പതിറ്റാണ്ടായി ചലച്ചിത്ര ലോകത്ത് നിറസാന്നിധ്യമായി തുടരുന്ന ഈ അഭിനയ വിസ്മയത്തിന്റെ ജന്മദിനം ആരാധകരും സിനിമാ ലോകവും വലിയ ആഘോഷമാക്കുകയാണ്. വില്ലൻ കഥാപാത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന്, പിന്നീട് മലയാള സിനിമയുടെ നായക സിംഹാസനമേറി അഭിനയത്തിന്റെ കുലപതിയായി മാറിയ മോഹൻലാലിന്റെ സിനിമായാത്ര ഒരു പുരാവൃത്തം പോലെ മനോഹരമാണ്.

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ നരേന്ദ്രൻ എന്ന വില്ലൻ കഥാപാത്രത്തിലൂടെയാണ് മോഹൻലാൽ ചലച്ചിത്ര ലോകത്തേക്ക് എത്തിയത്. തുടർന്ന് രാജാവിന്റെ മകൻ എന്ന ചിത്രത്തിലെ വിൻസെന്റ് ഗോമസ് എന്ന അധോലോക നായകനിലൂടെ അദ്ദേഹം മാസ്മരികമായ ഒരു നായകസങ്കൽപ്പത്തിന് അടിത്തറയിട്ടു. അതിവൈകാരികതയും നാടകീയതയും പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടുള്ള സ്വാഭാവിക അഭിനയ ശൈലിയാണ് മോഹൻലാലിനെ ജനപ്രിയനാക്കിയത്. അരവിന്ദന്റെ വാസ്തുഹാരയിലെ വേണു, താഴ്വാരത്തിലെ ബാലൻ, കിരീടത്തിലെ സേതുമാധവൻ എന്നിവ അദ്ദേഹത്തിന്റെ അഭിനയ മികവ് തെളിയിച്ച ചിത്രങ്ങളാണ്.

സത്യൻ അന്തിക്കാട്, സിബി മലയിൽ, പ്രിയദർശൻ, ഭരതൻ, പത്മരാജൻ തുടങ്ങിയ പ്രമുഖ സംവിധായകരുടെ സിനിമകളിലൂടെ മോഹൻലാൽ പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം ഉറപ്പിച്ചു. നാടോടിക്കാറ്റിലെ ദാസൻ, ഭരതത്തിലെ കല്ലൂർ ഗോപിനാഥൻ, തൂവാനത്തുമ്പികളിലെ ജയകൃഷ്ണൻ തുടങ്ങിയ കഥാപാത്രങ്ങളിലൂടെ മധ്യവർഗ ജീവിതത്തിന്റെയും പ്രണയത്തിന്റെയും വിരഹത്തിന്റെയും പ്രതീകമായി മാറാൻ അദ്ദേഹത്തിന് സാധിച്ചു.

അഞ്ച് ദേശീയ ചലച്ചിത്ര അവാർഡുകൾ, ഒൻപത് സംസ്ഥാന പുരസ്കാരങ്ങൾ, ടെറിറ്റോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ പദവി, ഡി ലിറ്റ് ബിരുദങ്ങൾ, പത്മ പുരസ്കാരങ്ങൾ എന്നിവയ്ക്ക് പുറമെ രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ദാദാസാഹിബ് ഫാൽക്കെ അവാർഡും നൽകി രാജ്യം ഈ മഹാനടനെ ആദരിച്ചിട്ടുണ്ട്. പ്രായത്തിന്റെ അതിരുകളില്ലാതെ ഇന്നും ക്യാമറയ്ക്ക് മുന്നിൽ സജീവമായി തുടരുന്ന മലയാളത്തിന്റെ സ്വന്തം ലാലേട്ടന് സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും നിരവധിയാളുകളാണ് ആശംസകൾ നേരുന്നത്.

 

വളരെ പുതിയ വളരെ പഴയ