തിരുവനന്തപുരം: മുഖ്യമന്ത്രിയെ സാമൂഹ്യ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയതിന് വീണ്ടും കേസ്. കാക്കി ട്രൗസർ ഇട്ട വി.ഡി സതീശന്റെ ചിത്രം പ്രചരിപ്പിച്ചതിനാണ് നടപടി.
'സിപിഐഎം സൈബർ പോരാളികള്‍' എന്ന ഫേസ്ബുക്ക് പേജിനെതിരെയാണ് കേസെടുത്തത്. ഡിജിപിക്ക് നല്‍കിയ പരാതിയില്‍ തൃശൂർ സിറ്റി സൈബർ പൊലീസാണ് കേസ് എടുത്തത്.
യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ തെക്കുംകര മണ്ഡലം പ്രസിഡന്റ് അനീഷ് കണ്ടംമാട്ടില്‍ നല്‍കിയ പരാതിയിലാണ് നടപടി. മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട കെഎസ്‌ആർടിസി ഡ്രൈവറെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.
മുഖ്യമന്ത്രിയുടെ മോര്‍ഫ് ചെയ്ത ചിത്രം പോസ്റ്റിലൂടെ പ്രചരിപ്പിച്ച നെടുങ്കണ്ടം യൂണിറ്റിലെ ഡ്രൈവര്‍ എസ്.സുനില്‍ കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നത്.
അതേസമയം മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സ്‌കൂള്‍ പ്രൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ മുഖ്യമന്ത്രി വി.ഡി സതീശന്‍ നിർദേശം നല്‍കി.
ആറ്റിങ്ങല്‍ മോഡല്‍ ഹയർ സെക്കൻഡറി സ്‌കൂള്‍ പ്രിൻസിപ്പല്‍ എസ്.ജവാദിനെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇന്നലെ സസ്പെൻഡ് ചെയ്തത്.
വിഷയത്തില്‍ മുഖ്യമന്ത്രിയോ ഓഫീസോ പരാതി നല്‍കിയിരുന്നില്ല. പുറമേ നിന്നുളള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സസ്പെൻഷൻ.
വിരമിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് അധ്യാപകനെതിരെ നടപടിയെടുത്തത്. ഈ സാഹചര്യം പരിഗണിച്ചാണ് സസ്പെൻഷൻ പിൻവലിക്കാൻ മുഖ്യമന്ത്രി നിർദേശം നല്‍കിയത്.
