മാന്യ വായനക്കാർക്ക് ഓപ്പൺ മലയാളം ന്യൂസ് നെറ്റ് വർക്കിന്റെ ബലിപെരുന്നാൾ ആശംസകൾ ❤️
ത്യാഗത്തിന്റെയും സഹനത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും പ്രതീകമായി ലോകമെമ്പാടുമുള്ള മുസ്ലിം മതവിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. ഭാഷയുടേയും ദേശത്തിന്റെയും അതിരുകള്‍ ഭേദിച്ച് വിശ്വസാഹോദര്യത്തിന്റെ വലിയൊരു സന്ദേശമാണ് ഈദ് ആഘോഷത്തിലൂടെ വിശ്വാസി സമൂഹം പങ്കുവെക്കുന്നത്. ഈദുള്‍ അദ്ഹ അഥവാ വലിയ പെരുന്നാള്‍ എന്ന പേരിലാണ് ഈ പുണ്യദിനം അറിയപ്പെടുന്നത്.
പ്രവാചകനായ ഇബ്രാഹിം നബി തന്റെ പ്രിയപുത്രന്‍ ഇസ്മായിലിനെ ദൈവകല്‍പന മാനിച്ച് ബലിയര്‍പ്പിക്കാന്‍ സന്നദ്ധനായതിന്റെ ചരിത്രപരമായ സ്മരണ പുതുക്കലാണ് ഈ ആഘോഷം. പ്രിയപ്പെട്ടതിനെപ്പോലും ഈശ്വരചിന്തയ്ക്കായി സമര്‍പ്പിക്കാനുള്ള മനസ്സ് കാണിച്ച ഇബ്രാഹിം നബിയോടുള്ള ആദരവായിട്ടാണ് പെരുന്നാൾ ദിനത്തിൽ വിശ്വാസികൾ ബലികർമ്മങ്ങൾ നടത്തുന്നത്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും മെക്കയിലെത്തിച്ചേർന്ന ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകരുടെ ഹജ്ജ് കര്‍മ്മത്തിന്റെ പരിസമാപ്തി കൂടിയാണ് ഈ ദിനം.
പെരുന്നാൾ നമസ്കാരങ്ങൾക്കായി വിവിധ ഈദ്ഗാഹുകളിലും പള്ളികളിലും പുലർച്ചെ മുതൽ തന്നെ വലിയ തോതിൽ വിശ്വാസികൾ ഒത്തുചേർന്നു. പ്രാർത്ഥനകൾക്ക് ശേഷം പരസ്പരം ആലിംഗനം ചെയ്തും സ്നേഹം പങ്കുവെച്ചും അവർ പെരുന്നാൾ ആശംസകൾ കൈമാറി. തുടർന്ന് വീടുകളിൽ കുടുംബാംഗങ്ങളോടൊപ്പം ഒത്തുചേർന്നും സുഹൃത്തുക്കളെ സന്ദർശിച്ചും സ്നേഹവിരുന്നുകൾ ഒരുക്കിയും ആഘോഷങ്ങൾ സജീവമാക്കുകയാണ്.
