തിരുവനന്തപുരം: 'ഞാനും ഒരു സിപിഎം അനുഭാവിയാണ്, കാർ തല്ലിത്തകർത്തവർക്ക് അതറിയില്ലല്ലോ. ജീവിതമാർഗമാണിതെന്ന്…' - പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ സഞ്ചരിച്ചതെന്ന പേരില്‍ സിപിഎം പ്രവർത്തകർ തകർത്തത് ടാക്സി കാർ.
റെയ്‍ഡിനു ശേഷം പുറത്തിറങ്ങിയ ഉദ്യോഗസ്ഥർ കയറിയ കാറുകള്‍ സിപിഎം പ്രവർത്തകർ അടിച്ചു തകർക്കുകയായിരുന്നു.
ആക്രമണത്തിനു ശേഷം തമ്പാനൂർ പൊലീസ് സ്‌റ്റേഷനിലേക്കാണു കാർ ഉള്‍പ്പെടെ, ആക്രമിക്കപ്പെട്ട വാഹനങ്ങള്‍ കൊണ്ടു വന്നത്. 'ഇത്രയും ആളുകള്‍ ഒന്നിച്ച് ആക്രോശിച്ചു വന്നപ്പോള്‍ ഭയന്നു പോയി. നമ്മളും സാധാരണ പാർട്ടിക്കാരും തൊഴിലാളികളും ഒക്കെയാണ്. ടാക്‌സി ഓടിച്ചു ജീവിക്കുന്നവരാണ്.
അത് ആക്രമിച്ചവർ ആരും നോക്കുന്നില്ലല്ലോ. നമ്പർ പ്ലേറ്റ് നോക്കുമ്പോള്‍ ഇ.ഡി യുടെ വണ്ടിയാണെങ്കില്‍ കുഴപ്പമില്ല. ഇത് നമ്മള്‍ കാശ് മുടക്കി വാങ്ങി ഓടിക്കുന്ന വണ്ടിയാണ്. അതാണ് അവർ അടിച്ചു തകർത്തത്.
വിഷമമുണ്ട്. പരിശോധന കഴിഞ്ഞ് പോകാൻ സമയത്ത് ഇ.ഡി. ഉദ്യോഗസ്ഥർ വഴി ക്ലിയർ ആണോ എന്നു ചോദിച്ചിരുന്നു. എല്ലാം ഓക്കെയാണ്, പ്രശ്‌നമൊന്നുമില്ലെന്നു പറഞ്ഞു. പക്ഷേ പുറത്തേക്ക് ഇറങ്ങിയപ്പോള്‍ സംഭവം ആകെ മാറി. എല്ലാവരും കൂടി വളഞ്ഞു. പൊലീസിന്റെ കയ്യില്‍ നിന്നില്ല.
വണ്ടി അവർ ആക്രമിച്ചു.' -തകർക്കപ്പെട്ട ടാക്സി കാർ ഓടിച്ച ലാലു പറഞ്ഞു. അതേ സമയം സിപിഎം പ്രവർത്തകർ കയ്യില്‍ കിട്ടിയ ചുടുകട്ട കൊണ്ട് കാറിന്റെ ഗ്ലാസ് എറിഞ്ഞ് തകർക്കുകയായിരുന്നു.
