കോഴിക്കോട്: വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിനായി കോൺഗ്രസ് നേതൃത്വത്തിൽ പിരിച്ചെടുത്ത ഫണ്ടിന്റെ കാര്യത്തിൽ അടിയന്തരമായി വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാംഗം പി. സന്തോഷ് കുമാർ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് കത്തയച്ചു.
പൊതുജനങ്ങളിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും വലിയ തുക സമാഹരിച്ചെങ്കിലും, അത് സംബന്ധിച്ച കണക്കുകൾ പുറത്തുവിടുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്നാണ് ഉയരുന്ന പ്രധാന ആരോപണം. പിരിച്ചെടുത്ത തുകയുടെ കൃത്യമായ കണക്ക്, അത് നിക്ഷേപിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ടുകൾ, ഇതുവരെ വിനിയോഗിച്ച തുകയുടെ വിവരങ്ങൾ എന്നിവ പരസ്യപ്പെടുത്തണമെന്ന് സന്തോഷ് കുമാർ ആവശ്യപ്പെടുന്നു.
വയനാടിന്റെ മുൻ എംപി എന്ന നിലയിൽ, ഈ ഫണ്ട് വിനിയോഗത്തിൽ പൂർണ്ണ സുതാര്യത ഉറപ്പാക്കേണ്ട ധാർമ്മിക ഉത്തരവാദിത്തം രാഹുൽ ഗാന്ധിക്കുണ്ട്. ജനങ്ങളുടെ വിശ്വാസം നിലനിർത്താൻ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും എംപി കത്തിലൂടെ അഭ്യർത്ഥിച്ചു.
