തിരുവനന്തപുരം: നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് ചവറ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഷിബു ബേബി ജോൺ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. എൽഡിഎഫ് സ്ഥാനാർത്ഥി സുജിത്ത് വിജയൻപിള്ളയ്ക്ക് വേണ്ടി സ്പീക്കർ റോഡ് ഷോയിൽ പങ്കെടുത്തതാണ് പരാതിക്ക് ആധാരം.
സ്പീക്കർ എന്ന ഭരണഘടനാ പദവിയിലിരിക്കെ, പ്രചാരണ പരിപാടികളിൽ സജീവമായി പങ്കെടുക്കുന്നത് കീഴ്വഴക്കങ്ങൾക്ക് വിരുദ്ധമാണെന്ന് ഷിബു ബേബി ജോൺ ആരോപിച്ചു. നിയമസഭ ഇതുവരെ പിരിച്ചുവിട്ടിട്ടില്ലാത്ത സാഹചര്യത്തിൽ, ഒരു സ്പീക്കർ ഇത്തരത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഇടപെടുന്നത് ഗുരുതരമായ ചട്ടലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതിനാൽ, വരും ദിവസങ്ങളിലെ പ്രചാരണ പരിപാടികളിൽ നിന്ന് സ്പീക്കറെ വിലക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനോട് അദ്ദേഹം ആവശ്യപ്പെട്ടു.
