ആലപ്പുഴ: ഹരിപ്പാട് സ്വദേശിനിയായ 15 വയസുകാരിയെ ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ മർദിച്ച ഉസ്താദ് അറസ്റ്റില്‍. കീരിക്കാട് വില്ലേജില്‍ വേരുവള്ളി ഭാഗം മുറിയില്‍ തയ്യില്‍ പടീറ്റതില്‍ വീട്ടില്‍ മുഹമ്മദ് കുഞ്ഞ് മകൻ യൂസഫ് കുട്ടി (56) ആണ് അറസ്റ്റിലായത്.
രണ്ടാം പ്രതിയാണ് ഇപ്പോള്‍ പൊലീസിൻ്റെ പിടിയിലായത്.
കായംകുളത്തുള്ള വീട്ടില്‍ വെച്ച് കയ്യും കാലും കെട്ടിയിട്ട് ചൂരല്‍ ഉപയോഗിച്ച് അടിച്ച് വേദനിപ്പിച്ച സംഭവത്തിലാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഉസ്താദായ പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവാണ് ഈ കേസിലെ ഒന്നാം പ്രതി. ഇയാളുടെ വീട്ടിലാണ് പെണ്‍കുട്ടി താമസിച്ചു വന്നിരുന്നത്. നിലവില്‍ ഇയാള്‍ പോക്സോ കേസില്‍ ഉള്‍പ്പെട്ട് ജയിലില്‍ കഴിയുകയാണ്.
നേരത്തെ പുത്തൂരിലും സമാനമായ സംഭവം നടന്നിരുന്നു. ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ 16 വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ തന്ത്രിയെ, പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുരാരി തന്ത്രി എന്ന രാജൻ ബാബു, ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ അടച്ചിട്ട മുറിയില്‍ കൊണ്ടു പോയി പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
