ന്യൂഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള സൈബർ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി. പ്രത്യേകിച്ച് സിനിമ, മീഡിയ, ഫോട്ടോഗ്രഫി മേഖലകളിൽ പ്രവർത്തിക്കുന്നവരെ ലക്ഷ്യമിട്ടാണ് പുതിയ തരത്തിലുള്ള ഹണി ട്രാപ്പ് രീതികൾ വ്യാപകമാകുന്നത്.
പരിചയമില്ലാത്ത നമ്പറുകളിൽ നിന്ന് സന്ദേശങ്ങൾ അയച്ച് സൗഹൃദം സ്ഥാപിച്ച ശേഷം വീഡിയോ കോളുകളിലൂടെയാണ് തട്ടിപ്പുകാർ ഇരകളെ വലയിലാക്കുന്നത്. വീഡിയോ കോൾ സ്വീകരിക്കുന്ന നിമിഷം മറുവശത്ത് നിന്ന് അശ്ലീല പ്രദർശനം നടത്തുകയും ഇരയുടെ മുഖം ഉൾപ്പടെയുള്ള ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുകയുമാണ് രീതി. പിന്നീട് ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വൻ തുക ആവശ്യപ്പെടുന്നു.
ഇത്തരത്തിൽ തട്ടിപ്പിന് ഇരയാകുന്നവർ ഭയപ്പെടാതെ ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ സൈബർ ക്രൈം പോർട്ടലിലോ പരാതി നൽകണമെന്ന് അധികൃതർ അറിയിച്ചു. ഇത്തരം പരാതികളിൽ വേഗത്തിൽ നടപടി സ്വീകരിക്കുന്നുണ്ടെന്നും സൈബർ വിഭാഗം വ്യക്തമാക്കി.
