
വടകര:ഓൺലൈൻ ലോൺ ആപ്പ് സംഘങ്ങളുടെയും ബ്ലേഡ് മാഫിയയുടെയും ഭീഷണിയെത്തുടർന്ന് നാടുവിട്ട വടകര ആയഞ്ചേരി സ്വദേശി വിഷ്ണു പ്രകാശിനെ (25) കണ്ടെത്തി. എട്ടു ദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ണൂർ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പോലീസ് ഇയാളെ കണ്ടെത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ച ബാങ്കിലേക്ക് പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ വിഷ്ണുവിനെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചിരുന്നില്ല. യുവാവിനെ കാണാതായതോടെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് യുവാവ് പയ്യന്നൂരിലുണ്ടെന്ന് സൂചന ലഭിച്ചത്.
ലോൺ ആപ്പ് സംഘങ്ങളിൽ നിന്നും പലിശ മാഫിയയിൽ നിന്നുമുള്ള കടുത്ത മാനസിക പീഡനവും ഭീഷണിയും യുവാവിന് നേരെ ഉണ്ടായിരുന്നു.
8 ദിവസമായി പോലീസ് വിപുലമായ അന്വേഷണം നടത്തിവരികയായിരുന്നു.
ലോൺ ആപ്പുകൾ വഴി പണമെടുക്കുന്നവർ നേരിടുന്ന ഭീഷണികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഇത്തരം മാഫിയകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു. യുവാവിനെ വടകരയിലെത്തിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയക്കും.