തൃശൂർ: കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടില്‍ വീണ്ടും പാമ്പ്. സംസ്കാരച്ചടങ്ങുകള്‍ നടക്കുന്നതിനിടെ കുട്ടിയുടെ വീട്ടില്‍ നിന്ന് വീണ്ടും പാമ്പിനെ കണ്ടെത്തിയത് നാട്ടുകാരില്‍ വലിയ ആശങ്ക പരത്തിയിട്ടുണ്ട്.
ശംഖുവരയൻ ഇനത്തില്‍പ്പെട്ട പാമ്പിന്റെ കുഞ്ഞിനെയാണ് വീണ്ടും കണ്ടത്. പാമ്പിൻ കുഞ്ഞിനെ നാട്ടുകാർ തല്ലിക്കൊന്നു. വനത്തോടു ചേർന്ന ഒറ്റനില വീട്ടിലാണ് പാമ്പുകയറിയതും കുട്ടിയെ കടിച്ചതും. ഇപ്പോഴും ചികിത്സയില്‍ തുടരുന്ന സഹോദരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.
അതേസമയം, കുട്ടിയുടെ മരണത്തിന് മരണകാരണം ശംഖ് വരയന്റെ കടിയേറ്റത് തന്നെയാണെന്ന് പോസ്റ്റ്മോർട്ടം പരിശോധനയില്‍ കണ്ടെത്തി.
തൃശൂർ മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോർട്ടം പരിശോധനയിലാണ് കണ്ടെത്തല്‍. പൊലീസ് റിപ്പോർട്ട് തള്ളിയാണ് ഫോറൻസിക് സർജൻ്റെ റിപ്പോർട്ട്. ഭക്ഷ്യവിഷബാധയാണ് കുട്ടിക്ക് ഏറ്റതെന്നായിരുന്നു പൊലീസ് റിപ്പോർട്ട്.
ആല്‍ജോയുടെ സംസ്കാര ചടങ്ങുകള്‍ വൈകുന്നേരം 3 മണിക്ക് തൃശൂർ കൊടുങ്ങപള്ളിയിലാണ് നടക്കുക. അങ്കമാലി അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആല്‍ജോയുടെ മൂത്ത സഹോദരൻ അനോജിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണ്. നിലവില്‍ വെന്റിലേറ്ററിലാണ്.
ഇന്നലെ പുലർച്ചെയാണ് അബോധാവസ്ഥയില്‍ സഹോദരങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടർന്ന് നാട്ടുകാർ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ ശംഖുവരയൻ ഇനത്തില്‍പ്പെട്ട പാമ്പിനെ ഇവരുടെ കിടപ്പുമുറിയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.
അമ്മയ്ക്കൊപ്പം ആദ്യം കിടപ്പുമുറിയില്‍ നിലത്തും പിന്നെ കട്ടിലിലും കിടന്നു. പുലർച്ചെ രണ്ടുമണിയോടെ ഇരുവർക്കും വയറുവേദനയും തളർച്ചയും അനുഭവപ്പെട്ടു. രാത്രി കഴിച്ച ഭക്ഷണത്തിന്റെ പ്രശ്നമാകാം എന്നാണ് മാതാപിതാക്കള്‍ ആദ്യം കരുതിയത്.
വായില്‍ നിന്ന് നുരയും പതയും വരാൻ തുടങ്ങിയതോടെ അഞ്ച് മണിയോടെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പാമ്പുകടിയാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് അവിടുത്തെ ഡോക്ടർ ആണ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെത്തി മിനിറ്റുകള്‍ക്കകം ആല്‍ജോയ്ക്ക് ജീവൻ നഷ്ടമായി.
റബർ മരങ്ങളുടെ നടുവിലാണ് ഇവരുടെ വീട്. സമീപപ്രദേശങ്ങളില്‍ ശങ്കു വരയൻ പാമ്പുകളെ നിരവധി കണ്ടിട്ടുണ്ടെന്ന് നാട്ടുകാരും പറയുന്നു.
വീടിനോട് ചേർത്ത് വെച്ച വിറക് കെട്ടുകളും ഭിത്തിയിലൂടെയുള്ള വള്ളിപ്പടർപ്പുകളും വീടിനുള്ളിലേക്ക് പാമ്പ് കയറാനുള്ള സാധ്യതകള്‍ വർദ്ധിപ്പിക്കുന്നുവെന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു. നാട്ടുകാർ തല്ലിക്കൊന്ന പാമ്പിനെ പരിശോധനകള്‍ക്കായി വനം വകുപ്പ് കൊണ്ടുപോയി.
