തിരുവനന്തപുരം :സംസ്ഥാനത്ത് ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണങ്ങൾ അധികകാലം തുടരേണ്ടി വരില്ലെന്ന് കെഎസ്ഇബി അറിയിച്ചു. കൂടംകുളം ആണവനിലയത്തിൽ നിന്നുള്ള 200 മെഗാവാട്ട് വൈദ്യുതി വീണ്ടും ലഭ്യമായി തുടങ്ങിയതാണ് പ്രധാന ആശ്വാസം. നിലയത്തിലെ അറ്റകുറ്റപ്പണികൾ കാരണം കഴിഞ്ഞ ദിവസങ്ങളിൽ ഈ വിഹിതം തടസ്സപ്പെട്ടിരുന്നു. നിലവിൽ നേരിടുന്ന 200 മെഗാവാട്ടിന്റെ കുറവ് ഇതോടെ പരിഹരിക്കപ്പെടും.
കൂടാതെ പവർ എക്സ്ചേഞ്ച് വഴി 150 മെഗാവാട്ട് വൈദ്യുതി കൂടി ലഭ്യമായിട്ടുണ്ട്. വേനൽ മഴ പെയ്തു തുടങ്ങിയതും വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. മെയ് ആദ്യവാരം ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെങ്കിലും പവർ എക്സ്ചേഞ്ച് വഴി അധികമായി കരാർ ഉറപ്പിച്ച 250 മെഗാവാട്ട് വൈദ്യുതി കൂടി എത്തുന്നതോടെ പ്രതിസന്ധി പൂർണ്ണമായി മറികടക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഡാം മാനേജ്‌മെന്റിലുണ്ടായ അപാകതകളും നിലവിലെ സാഹചര്യത്തിന് കാരണമായതായി റിപ്പോർട്ടുകളുണ്ട്.
വൈകിട്ട് 6 മണി മുതൽ രാത്രി 12 മണി വരെയുള്ള സമയത്ത് വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ ജനങ്ങൾ സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു. പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, വാഷിംഗ് മെഷീൻ തുടങ്ങിയവയുടെ ഉപയോഗം രാത്രികാലങ്ങളിൽ ഒഴിവാക്കണം. എസിയുടെ താപനില 24 മുതൽ 26 ഡിഗ്രി സെൽഷ്യസിനുള്ളിൽ ക്രമീകരിക്കുന്നത് വൈദ്യുതി ലാഭിക്കാൻ സഹായിക്കും. ഏപ്രിൽ മാസത്തിൽ സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത റെക്കോർഡ് വേഗത്തിൽ ഉയർന്ന സാഹചര്യത്തിലാണ് ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ടി വന്നത്.
