Zygo-Ad

നിതിൻ രാജിന്റെ മരണം; കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്


തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ കേസ് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി.

ലോണ്‍ ആപ്പ് സംബന്ധിച്ചുള്ള പരിശോധനകളും കുടുംബത്തിന്റെ പരാതിയും ക്രൈംബ്രാഞ്ച് അന്വേഷിക്കും.

സംസ്ഥാന ക്രൈംബ്രാഞ്ചിന് കേസ് കൈമാറുന്നത് സംബന്ധിച്ച്‌, കണ്ണൂർ സിറ്റി പോലീസ് കമ്മീഷ്ണർ ശുപാർശ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി, അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുന്നു എന്ന ഉത്തരവ് ഇറക്കിയത്.

2026 ഏപ്രില്‍ 10 നാണ് നിതിൻ രാജ് അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി മരിച്ചത്. ഒന്നാം വർഷം ബിഡിഎസ് വിദ്യാർഥിയാണ് നിതിൻ രാജ്. ഡെന്റല്‍ കോളേജിലെ വകുപ്പ് മേധാവി ഡോ എം കെ റാമും അധ്യാപകരായ സംഗീത നമ്പ്യാരും മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിൻ പറഞ്ഞതായി കുടുംബം ആരോപിച്ചിരുന്നു. 

ഇതിന്റെ പശ്ചാത്തലത്തില്‍ എം കെ റാമിനെയും സംഗീതയെയും കോളേജ് സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് കഴിഞ്ഞ ദിവസം, എം കെ റാമിനെ മാനേജ്മെന്റിനെ പുറത്താക്കുന്നതായി ഉത്തരവിറക്കിയിരുന്നു.

അധ്യാപകർ ക്ലാസ്‌റൂമിലും സ്റ്റാഫ്റൂമിലും വച്ച്‌ നടത്തുന്ന കൂട്ട അധിക്ഷേപങ്ങളെ കുറിച്ച്‌ നിതിൻ രാജ് സുഹൃത്തിനോട് പറയുന്ന വോയിസ് ക്ലിപ്പുകള്‍ പുറത്ത് വന്നിരുന്നു." മകനെ പുഴുത്ത പട്ടി എന്ന് വരെ വിളിച്ചിരുന്നു" എന്നാണ് മരണപ്പെട്ട നിതിൻ രാജിന്റെ അമ്മ പറഞ്ഞിരുന്നത്.

നിതിൻ രാജിന്റെ മരണം ചർച്ചയായതോടെ അധ്യാപകർ ഒളിവില്‍ പോയിരുന്നു, അധ്യാപികയായ സംഗീതയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടുകയും ചെയ്തു. 

എന്നാല്‍ ഡോ എം കെ റാം മുൻ‌കൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മരണപ്പെട്ട നിതിൻ രാജിനോട് മുൻവൈരാഗ്യം ഇല്ലെന്നാണ് ഡോ എം കെ റാം ഹർജിയില്‍ പറഞ്ഞിരിക്കുന്നത്. ജാമ്യാപേക്ഷ ഉടൻ പരിഗണിക്കും എന്നാണ് പുറത്തവരുന്ന സൂചനകള്‍.

അതേ സമയം നിതിൻ രാജിന്റെ മരണം നടന്ന് ആഴ്ചകള്‍ പിന്നിടുമ്പോളും ഡോ എം കെ റാമിനെ പിടികൂടാൻ പോലീസിന് സാധിച്ചിരുന്നില്ല. 

അദ്ദേഹം ഇപ്പോഴും ഒളിവില്‍ തുടരുകയാണ്. കേസുമായി ബന്ധപ്പെട്ട് ജാമ്യത്തിനായി ഡോ റാം ആദ്യം തലശ്ശേരി സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി അന്ന് ജാമ്യം അനുവദിച്ചിരുന്നില്ല.

ലോണ്‍ ആപ്പുകള്‍ക്ക് നേരെയും ക്രൈം ബ്രാഞ്ച് അന്വേഷണം ഉണ്ടാകും. നേരത്തെ നിതിൻ രാജിനെയും അധ്യാപികയെയും ഭീഷണിപ്പെടുത്തി എന്ന പരാതിയെ തുടർന്ന് ലോണ്‍ ആപ്പ് നടത്തിപ്പുകാരെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

 ഉത്തർപ്രദേശ് സ്വദേശി പ്രശാന്ത് ഖേവല്‍, ഫരിദാബാദ് സ്വദേശി പ്രകാശ് ജയ്, ഖാസിയാബാദ് സ്വദേശി ഋഷികേഷ് തിവാരി എന്നിവരെയാണ് പോലീസ് പിടികൂടിയത്.

വളരെ പുതിയ വളരെ പഴയ